2030-ല്‍ അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണം 1 കോടി തൊടും
- ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് ദരിദ്രമായ സംസ്ഥാനങ്ങള്‍
- 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 40,000 കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്
- മുംബൈയിലും ഡല്‍ഹിയിലുമാണ് സമ്പന്ന കുടുംബങ്ങള്‍ കൂടുതലുള്ളത്
;

2030-31 ആകുമ്പോഴേക്കും ഇന്ത്യയിലെ അതിസമ്പന്ന (super rich) കുടുംബങ്ങളുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ച് 9.1 ദശലക്ഷം കുടുംബങ്ങളായി മാറുമെന്നും 2046-47 ആകുമ്പോഴേക്കും ഇത് 32.7 ദശലക്ഷം കുടുംബങ്ങളായി ഉയരുമെന്നും പീപ്പിള്‍ റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ ഇക്കോണമി (PRICE)യുടെ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
'സൂപ്പര്‍ റിച്ച്' (2020-21 ല്‍ പ്രതിവര്‍ഷം 2 കോടി രൂപ അല്ലെങ്കില്‍ 2,70,000 യുഎസ് ഡോളര്‍ വരുമാനമുള്ള കുടുംബങ്ങള്‍) എണ്ണം 1994-95ല്‍ 98,000 ആയിരുന്നത് 2020-21ല്‍ 1.8 ദശലക്ഷം കുടുംബങ്ങളായി ഉയര്‍ന്നു.
' സമ്പന്നര്‍ ' (പ്രതിവര്‍ഷം 30 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍) എന്ന് തരംതിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2020-21 ലെ 56 ദശലക്ഷത്തില്‍ നിന്ന് 2046-47 ആകുമ്പോഴേക്കും 437 ദശലക്ഷമായി ഉയരും.
25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 40,000 കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണ് PRICE ഏറ്റവും പുതിയ സര്‍വേ നടത്തിയത്.
ICE 360° പാന്‍-ഇന്ത്യ സര്‍വേയിലൂടെ PRICE ശേഖരിച്ച പ്രാഥമിക ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
2020-21ല്‍ 2 കോടിയിലധികം വരുമാനം നേടുന്ന സൂപ്പര്‍ റിച്ചുകളുടെ എണ്ണം 2015-16ല്‍ 1.06 ദശലക്ഷം (6.1 ദശലക്ഷം ഉപഭോക്താക്കള്‍) വീടുകളായിരുന്നു. ഇത് 2021ല്‍ 1.81 ദശലക്ഷം കുടുംബങ്ങളായി (10.2 ദശലക്ഷം ഉപഭോക്താക്കള്‍) ഉയര്‍ന്നു.
2030-31 ആകുമ്പോഴേക്കും അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണം 9.1 ദശലക്ഷം കുടുംബങ്ങളായി (46.7 ദശലക്ഷം ഉപഭോക്താക്കള്‍) വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2046-47 ആകുമ്പോഴേക്കും ഇത് 32.7 ദശലക്ഷം കുടുംബങ്ങളായി (150 ദശലക്ഷം ഉപഭോക്താക്കള്‍) ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
വന്‍നഗരങ്ങളായ മുംബൈയിലും ഡല്‍ഹിയിലുമാണ് സമ്പന്ന കുടുംബങ്ങള്‍ കൂടുതലുള്ളത്. എന്നാല്‍ സൂറത്ത്, ബെംഗളുരു, അഹമ്മദാബാദ്, പുനെ തുടങ്ങിയ വളര്‍ന്നു വരുന്ന നഗരങ്ങളിലെ സമ്പന്ന കുടുംബങ്ങളുടെ വളര്‍ച്ച വളരെ വേഗത കൈവരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉയര്‍ന്ന വരുമാനക്കാരുടെ വിഭാഗത്തില്‍ (high-income segment) ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചത് സൂറത്തും നാഗ്പൂരുമാണ്. ഏറ്റവും കൂടുതല്‍ 'സൂപ്പര്‍ റിച്ച്' ഉള്ളത് മഹാരാഷ്ട്രയാണ്.
2020-21ല്‍ 30 ലക്ഷം രൂപയില്‍ കൂടുതല്‍ കുടുംബ വരുമാനമുള്ള സമ്പന്നര്‍(rich), 56 ദശലക്ഷം ഉപഭോക്താക്കളെ അടങ്ങുന്ന ഏകദേശം 11 ദശലക്ഷം കുടുംബങ്ങളാണെന്നു കണക്കാക്കപ്പെടുന്നു. എന്നാല്‍ 2015-16ല്‍ ഇത് 37 ദശലക്ഷം ഉപഭോക്താക്കളുള്ള 7 ദശലക്ഷം സമ്പന്ന കുടുംബങ്ങളായിരുന്നു.
2030-31 ആകുമ്പോഴേക്കും ഇത് 170 ദശലക്ഷം ഉപഭോക്താക്കളുള്ള 35 ദശലക്ഷം സമ്പന്ന വീടുകളായി വര്‍ധിക്കും.
2046-47 ആകുമ്പോഴേക്കും എണ്ണം 100 ദശലക്ഷം കുടുംബങ്ങളായും വര്‍ധിക്കും.
2015-16 നും 2020-21 നും ഇടയില്‍ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളുടെ അനുപാതം മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗങ്ങളുടെ വളര്‍ച്ച വളരെ കൂടുതലാണ്. ഈ കാലഘട്ടത്തില്‍ നഗരങ്ങളിലെ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
2015-നും 2021-നും ഇടയില്‍ 2 കോടിയിലധികം രൂപ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളുടെ എണ്ണം നഗരപ്രദേശങ്ങളില്‍ 10.6 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 14.2 ശതമാനവും വര്‍ധിച്ചു.
സെന്‍ട്രല്‍ ഇന്ത്യയിലും ദക്ഷിണേന്ത്യയിലുമാണ് ഏറ്റവുമധികം മധ്യവര്‍ഗ കുടുംബങ്ങളെ കാണപ്പെടുന്നതെങ്കിലും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച പ്രകടമാകുന്നത് സെന്‍ട്രല്‍, ഈസ്റ്റേണ്‍ ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം ഉള്ളതെങ്കിലും ഏറ്റവും വലിയ വളര്‍ച്ച സെന്‍ട്രല്‍ ഇന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സൂപ്പര്‍ റിച്ച് കുടുംബങ്ങളുള്ളത്. 6.48 ലക്ഷം സൂപ്പര്‍ റിച്ച് കുടുംബങ്ങളുണ്ട് ഇവിടെ.
2020-21ല്‍ പ്രതിവര്‍ഷം രണ്ട് കോടി രൂപയിലധികമാണ് വരുമാനം നേടുന്നുണ്ട് ഇക്കൂട്ടര്‍.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഡല്‍ഹിയാണ്. 1.81 ലക്ഷം കുടുംബങ്ങളുണ്ട് ഇവിടെ. 1.37 ലക്ഷവുമായി ഗുജറാത്തും, 1.01 ലക്ഷം കുടുംബങ്ങളുമായി തമിഴ്‌നാടും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.
ഇന്ത്യയിലെ അതിസമ്പന്നരുടെ പകുതിയോളം മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് താമസിക്കുന്നത്.
ഏറ്റവും ദരിദ്രമായ അഞ്ച് സംസ്ഥാനങ്ങള്‍ - ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ്.