വായ്പാ പലിശ നിരക്ക് ഉയരില്ല; മാറ്റമില്ലാതെ റിപ്പോ നിരക്ക്

  • വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുമെന്ന് പ്രതീക്ഷ
  • റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടായാല്‍ വാണിജ്യ ബാങ്കുകളുടെ വായ്പാ പലിശ നിരക്ക് ഉയരും
  • നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനത്തില്‍ മാറ്റമില്ല

Update: 2024-08-08 06:21 GMT

ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് നിരക്ക് വര്‍ധനയില്ലെന്ന് പ്രഖ്യാപിച്ചത്. ആറംഗ എംപിസി യോഗത്തിന് ശേഷമായിരുന്നു നിര്‍ണായക പ്രഖ്യാപനം. 2023 ഫെബ്രുവരി മുതല്‍ ഈ നിരക്കാണ് തുടരുന്നത്. ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ രണ്ടിനെതിരെ നാല് വോട്ടുകള്‍ക്കാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

രാജ്യത്തെ പണപ്പെരുപ്പം മെയ്, ജൂണ്‍ മാസങ്ങളില്‍ കുറഞ്ഞിട്ടുണ്ടെന്നും. വരുന്ന മാസങ്ങളില്‍ ഇത് ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. നാല് ശതമാനമാണ് ആര്‍ബിഐയുടെ പണപ്പെരുപ്പ ലക്ഷ്യം.

റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടായാല്‍ വാണിജ്യ ബാങ്കുകളുടെ വായ്പാ പലിശ നിരക്കും ഇഎംഐയും ഉയരും. ഈ വര്‍ധനവ് പുതിയതായി വായ്പയെടുക്കുന്നവരെയും നിക്ഷേപകരെയും കൂടുതല്‍ ബാധിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ റിപ്പോ നിരക്ക് രാജ്യത്തെ എല്ലാവരേയും ബാധിക്കുന്ന കാര്യമാണ്. നിരക്ക് വര്‍ധിപ്പിക്കാത്തതുവഴി ഇത് തുടര്‍ച്ചയായ ഒന്‍പതാം തവണയും ഈ ഭീഷണി ഒഴിവായി.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം മാറ്റമില്ലാതെ 7.2 ശതമാനമായി തുടരും. എന്നിരുന്നാലും, ആദ്യ പാദത്തിലെ പ്രവചനം നേരത്തെയുള്ള 7.3 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി പുതുക്കി. നിരക്ക് നിര്‍ണയ സമിതി കഴിഞ്ഞ യോഗത്തിലെ വളര്‍ച്ചാ പ്രവചനം 7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി പരിഷ്‌കരിച്ചിരുന്നു.

ആഭ്യന്തര നിരക്ക് നിശ്ചയിക്കുന്ന പാനല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം മുന്‍ പ്രവചനത്തിന് സമാനമായി 4.5 ശതമാനമായി കണക്കാക്കുന്നു. ത്രൈമാസ അടിസ്ഥാനത്തില്‍, പണപ്പെരുപ്പ പ്രവചനം രണ്ടാം പാദത്തില്‍ 4.4 ശതമാനമായും, മൂന്നാം പാദത്തില്‍ 4.7 ശതമാനമായും, നാലാം പാദത്തില്‍ 4.3 ശതമാനമായും പുതുക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ പണപ്പെരുപ്പം 4.4 ശതമാനമായിരിക്കുമെന്നാണ് പ്രവചനം.

അടിസ്ഥാന വിലക്കയറ്റത്തില്‍ 46 ശതമാനം വരുന്ന ഭക്ഷ്യവിലപ്പെരുപ്പം അവഗണിക്കാനാവില്ലെന്നും ഗവര്‍ണര്‍ ശക്തികാന്ത ദാസ് എടുത്തുപറഞ്ഞു.

Tags:    

Similar News