സെന്‍ട്രോ ഔട്ട്ലെറ്റുകള്‍ റിലയന്‍സ് താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു
- നവീകരണ പ്രക്രിയയുടെ ഭാഗമായാണ് നീക്കം
- പുതിയ സ്റ്റോറുകളില്‍ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുമോ എന്ന് വ്യക്തമല്ല
- സ്വന്തം ബ്രാന്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ റിലയന്‍സ്
റിലയന്‍സ് റീട്ടെയിലിന്റെ ഡിപ്പാര്‍ട്ട്മെന്റ് ശൃംഖലയായ സെന്‍ട്രോയുടെ കീഴിലുള്ള നിരവധി സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു. ഇതിനകം മൂന്ന് സെന്‍ട്രോ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി, ഈ മാസം അവസാനത്തോടെ 20 എണ്ണം കൂടി പ്രവര്‍ത്തനം നിര്‍ത്തും. നവീകരണ പ്രക്രിയയുടെ ഭാഗമായി എല്ലാ സെന്‍ട്രോ ലൊക്കേഷനുകളുടേയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുമെന്ന് റിലയന്‍സ് റീട്ടെയില്‍ ബ്രാന്‍ഡ് പങ്കാളികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ചരക്കുകളും പ്രൊമോഷണല്‍ മെറ്റീരിയലുകളും മറ്റ് ഇനങ്ങളും ഔട്ട്ലെറ്റുകളില്‍ നിന്ന് നീക്കം ചെയ്യാനും ബ്രാന്‍ഡുകളോട് കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത സ്റ്റോറുകളില്‍ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുമോ എന്ന് വ്യക്തമല്ല. എന്നാല്‍ സ്വന്തം ബ്രാന്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ഷോപ്പ്-ഇന്‍-ഷോപ്പ് മോഡല്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്.
നിലവില്‍ വില്‍ക്കുന്ന 450 പ്രാദേശികവും ആഗോളവുമായ ബ്രാന്‍ഡുകളില്‍ ചിലത് ഘട്ടംഘട്ടമായി നിര്‍ത്തലാക്കി. അസോര്‍ട്ടെ,യൂസ്റ്റാ പോലുള്ള സ്വന്തം ബ്രാന്‍ഡുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് കമ്പനി പദ്ധതിയിടുന്നത്.