വളര്‍ച്ചയും വിലസ്ഥിരതയും പുതിയ ആര്‍ബിഐ ഗവര്‍ണറുടെ വെല്ലുവിളി
- ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്
- എന്നാല്‍ ഇത് മൂന്നാം പാദത്തില്‍ പരിഹരിക്കുമെന്നാണ് വിദഗ്ധാഭിപ്രായം
- വിദേശനാണ്യ കരുതല്‍ ശേഖരത്തിലും തുടര്‍ച്ചയായ ഇടിവ്
ചില്ലറ പണപ്പെരുപ്പം കംഫര്‍ട്ട് സോണിന് മുകളില്‍ എത്തുകയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നത്. അതിനാല്‍ പണപ്പെരുപ്പം നിയന്ത്രിക്കുക, അതിനെ നാലു ശതമാനത്തില്‍ താഴെ എത്തിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ ആദ്യത്തേതും പ്രധാനവുമായ ദൗത്യം.കൂടാതെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമുണ്ട്.
മുഖ്യ സിപിഐ (ഉപഭോക്തൃ വില സൂചിക) പണപ്പെരുപ്പം സെപ്റ്റംബറിലെ 5.5 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ ടോളറന്‍സ് ലെവലിന് മുകളില്‍ 6.2 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുത്തനെ മിതമാകുകയും ചെയ്തു.ഇതിനെതുടര്‍ന്ന് ഡിസംബറിലെ മോണിറ്ററി പോളിസി കമ്മിറ്റി അവലോകനം പണപ്പെരുപ്പ പ്രവചനം 4.8 ശതമാനമായി പുതുക്കി.
ഇന്ത്യയുടെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 5.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ പാദത്തിലെ ആര്‍ബിഐയുടെ അനുമാനമായ 7.0 ശതമാനത്തേക്കാള്‍ കുറവായിരുന്നു. മുന്‍ പാദത്തിലെ സങ്കോചത്തില്‍ നിന്ന് സര്‍ക്കാര്‍ ചെലവ് വീണ്ടെടുത്തപ്പോഴും സ്വകാര്യ ഉപഭോഗവും നിക്ഷേപവും കുറഞ്ഞതിനാല്‍ വളര്‍ച്ചയുടെ വേഗത കുറഞ്ഞു. 2025 സാമ്പത്തിക വര്‍ഷത്തിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച എസ്റ്റിമേറ്റ് 7.2 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായും ആര്‍ബിഐ പുതുക്കി.
പുതിയ ഗവര്‍ണറുടെ പ്രധാന മുന്‍ഗണനകളിലൊന്ന് സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും സാമ്പത്തിക മേഖലയെ ഉയര്‍ന്നുവരുന്ന അപകടസാധ്യതകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമായിരിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബാനാവിസ് പറഞ്ഞു. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് പണലഭ്യത വ്യവസ്ഥകള്‍ ഗവര്‍ണര്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അതുവഴി ബാങ്കിംഗ് സംവിധാനം ശക്തമായ നിലയിലായതിനാല്‍, ഈ സ്ഥിരത നിലനിറുത്തുക എന്നത് നിര്‍ണായകമാണ്.
ആഗോള ഭൗമരാഷ്ട്രീയ സംഘട്ടനങ്ങളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും വെളിച്ചത്തില്‍ നിരന്തരമായ ജാഗ്രതയും വേഗത്തിലുള്ള പ്രവര്‍ത്തനങ്ങളും പുതിയ ഗവര്‍ണര്‍ തേടും. എട്ട് ആഴ്ചയായി വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്ന സമയത്താണ് ഇത് പ്രാധാന്യമര്‍ഹിക്കുന്നത്. രൂപയും അന്താരാഷ്ട്രമാര്‍ക്കറ്റില്‍ സമ്മര്‍ദ്ദത്തിലാണ്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും പേയ്മെന്റ് സംവിധാനങ്ങളിലും നവീകരണത്തെ പിന്തുണയ്ക്കുന്നത് തുടരുമ്പോള്‍, സൈബര്‍ അപകടസാധ്യതകളില്‍ നിന്ന് സംരക്ഷണം വര്‍ധിപ്പിക്കുന്നത് പുതിയ ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുന്ന കാര്യമാണെന്ന് എസ്ബിഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. സാമ്പത്തിക സാങ്കേതിക വിദ്യകളിലും അവയുടെ പ്രതിരോധശേഷിയിലും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ പല വികസിത രാജ്യങ്ങളെക്കാളും വളരെ മുന്നിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.