നിരക്ക് കൂട്ടി; ഇനിയും കൂട്ടാനുള്ള സാധ്യത തുറന്ന് ഫെഡ് റിസര്‍വ്

  • പലിശ നിരക്ക് കാല്‍ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍
  • 12 മീറ്റിംഗുകളിൽ നിന്നുള്ള 11-ാമത്തെ നിരക്ക് വർദ്ധന
  • പണപ്പെരുപ്പം വരുതിയിലാകും വരെ നയം കടുപ്പിച്ചേക്കും

Update: 2023-07-27 01:49 GMT

പ്രതീക്ഷിച്ചിരുന്നതു പോലെ തന്നെ യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ ധനനയ അവലോകന യോഗത്തിനു ശേഷം 25 ബേസിസ് പോയിന്‍റിന്‍റെ വര്‍ധന അടിസ്ഥാന പലിശ നിരക്കുകളില്‍ പ്രഖ്യാപിച്ചു. കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് പലിശനിരക്കുകളെ എത്തിക്കുന്നതിനുള്ള കാരണമായി ഇത്തവണയും ഫെഡ് റിസര്‍വ് ചൂണ്ടിക്കാണിക്കുന്നത് പണപ്പെരുപ്പത്തെയാണ്. നിരക്ക് വര്‍ധന ഇനിയും തുടരാനുള്ള സാധ്യത തുറന്നിട്ടുകൊണ്ടാണ് നയപ്രഖ്യാപനം വന്നിട്ടുള്ളത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഫെഡറേഷന്റെ കഴിഞ്ഞ 12 മീറ്റിംഗുകളിൽ നിന്നുള്ള 11-ാമത്തെ  നിരക്ക് വർദ്ധനയാണിത്.  5.25%-5.50% പരിധിയിലാണ് വര്‍ധനയ്ക്ക് ശേഷം പലിശ നിരക്ക് ഉള്ളത്. "ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) കൂടുതൽ വിവരങ്ങളും ധനനയത്തിന്‍റെ സ്വാധീനഫലങ്ങളും വിലയിരുത്തുന്നത് തുടരും," നിരക്കു വര്‍ധനയ്ക്കുള്ള സാധ്യതകള്‍ തുറന്നുവെച്ചുകൊണ്ട് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

പണപ്പെരുപ്പത്തെ 2 ശതമാനത്തിലേക്ക് അടുപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി നയപരമായ നടപടികള്‍ തുടരും. ജൂണിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും താഴെ എത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ പണപ്പെരുപ്പത്തിന്റെ പല പ്രധാന അളവുകോലുകളും ഫെഡറേഷന്റെ ലക്ഷ്യത്തേക്കാൾ ഇരട്ടിയിലധികമായി തുടരുന്നു,  3.6% എന്ന തൊഴിലില്ലായ്മ നിരക്ക് ഉൾപ്പെടെ ഇതില്‍ വരുന്നു. 

2022 മാർച്ച് മുതലാണ് ഫെഡ് റിസര്‍വ് തുടര്‍ച്ചയായ നിരക്ക് വര്‍ധനയിലേക്ക് നീങ്ങിയത്. 1980ന് ശേഷമുള്ള കാലയളവിലെ ഏറ്റവും ശക്തമായ നയം കടുപ്പിക്കലാണിത്. 

Tags:    

Similar News