2023-24: പ്രത്യക്ഷ നികുതി സമാഹരണം 15.6 ലക്ഷം കോടി

  • ജനുവരിയില്‍ പ്രത്യക്ഷ നികുതി പിരിവില്‍ 19% വർധന
  • 2023 -24 പുതുക്കിയ ലക്ഷ്യത്തിന്‍റെ 80 ശതമാനത്തിലെത്തി
  • പുറത്തുവിട്ടത് ഫെബ്രുവരി 10 വരെയുള്ള കണക്ക്

Update: 2024-02-11 10:25 GMT

നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരി 10 വരെ ഇന്ത്യയുടെ അറ്റ ​​പ്രത്യക്ഷ നികുതി പിരിവ് 15.60 ലക്ഷം കോടി രൂപയാണെന്ന് സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ട് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു.  ഇത് മൊത്തം സാമ്പത്തിക വർഷത്തിനായി നിശ്ചയിച്ചിട്ടുള്ള പുതുക്കിയ ലക്ഷ്യത്തിൻ്റെ ഏകദേശം 80 ശതമാനത്തിലെത്തി. 

2024 ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രത്യക്ഷ നികുതി പിരിവ് ലക്ഷ്യം 19.45 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. 2022- 23ല്‍ 16.61 ലക്ഷം കോടി രൂപയും 2021-22ല്‍ 14.08 ലക്ഷം കോടി രൂപയുമാണ് പ്രത്യക്ഷ നികുതി ഇനത്തില്‍ സമാഹരിച്ചിരുന്നത്. 

ജനുവരിയിൽ ഇന്ത്യയുടെ അറ്റ ​​പ്രത്യക്ഷ നികുതി പിരിവ് വാർഷികാടിസ്ഥാനത്തിൽ 19 ശതമാനം വർധിച്ച് 14.70 ലക്ഷം കോടി രൂപയായി.

അടുത്ത സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്ത നികുതി വരുമാനം 38.31 ലക്ഷം കോടി രൂപയായി ഉയര്‍ത്തുന്നതിനുള്ള  ലക്ഷ്യമാണ് ഇടക്കാല ബജറ്റില്‍ ധനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത് ഈ സാമ്പത്തിക വർഷത്തെ പുതുക്കിയ ലക്ഷ്യമായ 34.37 ലക്ഷം കോടിയിൽ നിന്ന് 11.45 ശതമാനം വർധനയാണിത്. 

പ്രത്യക്ഷ നികുതിയായി 21.99 ലക്ഷം കോടി രൂപയും പരോക്ഷ നികുതിയായി 16.31 ലക്ഷം കോടി രൂപയും 2024-25 ല്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ സാമ്പത്തിക വർഷത്തെ പരോക്ഷ നികുതി പിരിവ് ലക്ഷ്യം 14.92 ലക്ഷം കോടി രൂപയായി സർക്കാർ പുതുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പരോക്ഷ നികുതി പിരിവ് യഥാക്രമം 13.94 ലക്ഷം കോടി രൂപയും 12.94 ലക്ഷം കോടി രൂപയുമാണ്.

Tags:    

Similar News