യുഎസ് ക്രെഡിറ്റ് റേറ്റിംഗ് നെഗറ്റിവിലേക്ക് താഴ്ത്തി മൂഡിസ്
- ബോണ്ടുകളുടെ വില 16 വര്‍ഷത്തെ താഴ്ചയില്‍
- ധനക്കമ്മി ഉയര്‍ന്ന നിലയില്‍; വായ്പ താങ്ങാനുള്ള ശേഷിയില്‍ ഇടിവ്
- യുഎസില്‍ രാഷ്ട്രീയപ്പോര് കനക്കുന്നു
യുഎസിന്‍റെ വായ്പാ റേറ്റിംഗ് വെട്ടിക്കുറച്ച് റേറ്റിംഗ് ഏജന്‍സിയായ മൂഡിസ്. ' സ്ഥിരതയുള്ളത്' എന്നതില്‍ നിന്ന് 'നെഗറ്റിവ്' എന്നതിലേക്കാണ് റേറ്റിംഗ് താഴ്ത്തിയിട്ടുള്ളത്. യുഎസിന്‍റെ വലിയ ധനക്കമ്മിയും വായ്പപകള്‍ താങ്ങാനാകുന്ന ശേഷിയിലുണ്ടായ കുറവും ചൂണ്ടിക്കാട്ടിയാണ് റേറ്റിംഗ് കുറച്ചിട്ടുള്ളത്. ജോ ബൈഡന്‍ ഭരണകൂടം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി കൂടിയായി ഇത് മാറുകയാണ്.
ഈ വർഷം നേരത്തേ ഫിച്ച് റേറ്റിംഗ്സും യുഎസിന്‍റെ ക്രെഡിറ്റ് ശേഷിയെ കുറിച്ചുള്ള വീക്ഷണം വെട്ടിക്കുറച്ചിരുന്നു. ഉയര്‍ന്ന കടമെടുപ്പ് സംബന്ധിച്ച് മാസങ്ങളോളം നീണ്ട രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കിടെ ആയിരുന്നു ഇത്.
ഭരണപരമായ ചെലവിടവുകളും രാഷ്ട്രീയ ധ്രുവീകരണവും നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വർദ്ധിച്ചുവരുന്ന ആശങ്കയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മൂഡിസിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുഎസ് സര്‍ക്കാര്‍ ബോണ്ടുകള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു, ബോണ്ടുകളുടെ വില 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
"യുക്തികളോട് വിയോജിക്കാനാകില്ല, അടുത്തൊന്നും സാമ്പത്തിക ഏകീകരണത്തിന് സാധ്യതയില്ല. കമ്മി വലുതായി തന്നെ തുടരും, കൂടാതെ പലിശച്ചെലവിന് ബജറ്റിന്റെ വലിയൊരു പങ്ക് വേണമെന്നതിനാല്‍, കടഭാരം വർദ്ധിച്ചുകൊണ്ടിരിക്കും," നാറ്റിക്‌സിസിലെ യുഎസിന്റെ ചീഫ് ഇക്കണോമിസ്റ്റ് ക്രിസ്റ്റഫർ ഹോഡ്‍ജ് പറഞ്ഞു.
യുഎസ് കോൺഗ്രസിലെ രാഷ്ട്രീയ ധ്രുവീകരണം ശക്തമായി തുടരുന്നത് നിയമനിർമ്മാതാക്കൾക്ക് ഫിസ്‍കല്‍ പ്ലാനില്‍ സമവായത്തിലെത്താൻ കഴിയില്ലെന്ന അപകടസാധ്യത ഉയർത്തുന്നുവെന്ന് റേറ്റിംഗ് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വീകരിക്കുന്ന തീവ്ര പ്രതിപക്ഷ നിലപാടിന്‍റെയും പ്രവര്‍ത്തന രാഹിത്യത്തിന്‍റെയും മറ്റൊരു അനന്തരഫലമാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി പറഞ്ഞു.
"മൂഡീസിന്റെ പ്രസ്താവന യുഎസിന്‍റെ ട്രിപ്പിള്‍ എ റേറ്റിംഗ് നിലനിർത്തുന്നുണ്ടെങ്കിലും, ക്രെഡിറ്റ് റേറ്റിംഗ് നെഗറ്റീവ് വീക്ഷണത്തിലേക്കു മാറ്റിയതിനോട് ഞങ്ങൾ വിയോജിക്കുന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്നു, ട്രഷറി സെക്യൂരിറ്റികൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷിതവും ലിക്വിഡിറ്റി ഉള്ളതുമായ ആസ്തിയാണ്," ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി വാലി അഡെയെമോ പ്രസ്താവനയിൽ പറഞ്ഞു.