സെപ്റ്റംബര്‍ 25മുതല്‍ മണ്‍സൂണ്‍ പിന്‍വാങ്ങും
- രാജസ്ഥാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇതിന് തുടക്കമാകും
- ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 22 വരെ മഴയില്‍ ആറ് ശതമാനം കുറവ്
- തിരികെയെത്തിയ മഴ നെല്‍കൃഷി തുടങ്ങുന്നതിന് ഏറെ സഹായകരമായി
സെപ്റ്റംബര്‍ 25മുതല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ തുടങ്ങും. രാജസ്ഥാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍നിന്നാണ് ഇതിന് തുടക്കമാകുക. സാധാരണയായി ഇത് സെപ്റ്റംബര്‍ 17നായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി) അതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ 22 നും ഇടയിലുള്ള മഴ - 780.3 മില്ലിമീറ്റര്‍ ആയിരുന്നു. ഇത് സാധാരണയേക്കാള്‍ ആറ് ശതമാനം കുറവാണ്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് മഴയുടെ കുറവ് 10ശതമാനത്തിലധികം ആയ്യിരുന്നു . അതില്‍ നിന്നും നേരിയ പുരോഗതി നേടാനായി. സെന്‍ട്രല്‍, വെസ്റ്റ് ഇന്ത്യയുടെ കോര്‍ സോണുകളില്‍ സെപ്റ്റംബറില്‍ നല്ല മഴ ലഭിച്ചതിനാലാണ് ഈകുറവ് നേരിയതോതില്‍ പരിഹരിക്കപ്പെട്ടത്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉപ ഹിമാലയന്‍ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മഴയുടെ കുറവ് കൂടുതല്‍ പരിഹരിക്കപ്പെട്ടേക്കാം.
ഈ വര്‍ഷത്തെ മഴക്കാലം ക്രമാനുഗതമായ രീതിയിലായിരുന്നില്ല. ഇത് വിള ഇറക്കലിനെ സാരമായി ബാധിച്ചിട്ടുണ്ട്. വൈകിയാണ് മണ്‍സൂണ്‍ എത്തിയത്. പിന്നീട് കാര്യമായ മഴ ഉണ്ടായിട്ടുമില്ല. ഇത് ജൂണില്‍ ഏകദേശം ഒന്‍പത് ശതമാനം മഴക്കുറവിന് കാരണമായി. പിന്നീട് മഴ കനത്തപ്പോള്‍ ജൂലൈയില്‍ 13 ശതമാനം അധികമായി. അതിനുശേഷം ഓഗസ്റ്റില്‍ മഴ വീണ്ടും മെലിഞ്ഞു. 36 ശതമാനം കുറവാണ് ആ ഒരുമാസത്തില്‍ മാത്രം ഉണ്ടായത്. ഇത് സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. രാജ്യം വരള്‍ച്ച പോലുള്ള സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കുമ്പോള്‍, സെപ്റ്റംബറില്‍ മണ്‍സൂണ്‍ വീണ്ടും ശക്തി പ്രാപിച്ചു. കൃഷി ഇറക്കിയ വിളകളെ കുറിച്ചുള്ള ആശങ്ക ഒഴിവാക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും കരിമ്പ്, പയര്‍വര്‍ഗ്ഗ വിളകള്‍ക്കും മധ്യപ്രദേശിലെയും ഗുജറാത്തിലെയും എണ്ണക്കുരു വിളകള്‍ക്കും ഇത് സഹായകമായതായി വിശ്വസിക്കപ്പെടുന്നു. കിഴക്കന്‍ ഇന്ത്യയില്‍ ഇത് നെൽകൃഷിക്കു സഹായകമായി .
സെപ്റ്റംബര്‍ 22 വരെ, ഖാരിഫ് വിളകള്‍ ഏകദേശം 110.29 ദശലക്ഷം ഹെക്ടറില്‍ വിതച്ചു, ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാൾ 0.34 ശതമാനം കൂടുതലാണ്.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മഴ തിരിച്ചുവന്നതിനുശേഷം നെല്‍കൃഷി കൂടുതല്‍ വ്യാപകമായി.
സെപ്റ്റംബര്‍ 22 വരെ ഏകദേശം 41.15 ദശലക്ഷം ഹെക്ടര്‍ നെല്‍ക്കൃഷി ഉണ്ട്. അത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 2.70 ശതമാനം കൂടുതലാണ്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍റിന്റെ (യുഎസ്ഡിഎ) വിലയിരുത്തല്‍ പ്രകാരം ഈ ഖാരിഫ് സീസണില്‍ അരി ഉല്‍പ്പാദനം കുറഞ്ഞത് രണ്ട് ദശലക്ഷം ടണ്ണെങ്കിലും കുറയുമെന്ന് പറയുന്നു.