ഇന്ത്യ-ഇയു എഫ്ടിഎ ചര്‍ച്ചകള്‍ മുന്നോട്ട് പോകണമെന്ന് സാഞ്ചസ്
- യുറോപ്യന്‍ യൂണിയന്‍-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ വിപണികളെ വളരാന്‍ സഹായിക്കും
- ഗ്രീന്‍ എനര്‍ജിയില്‍ സ്‌പെയിന്‍ ഇന്ത്യയെ സഹായിക്കുമെന്ന് സാഞ്ചസ്
യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ എഫ്ടിഎ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ (ഇയു)ഇന്ത്യ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സ്വതന്ത്ര വ്യാപാര കരാര്‍ നിര്‍ദ്ദേശിച്ചു. എഫ്ടിഎ, നിക്ഷേപ സംരക്ഷണ ഉടമ്പടി, ഭൂമിശാസ്ത്രപരമായ സൂചനകള്‍ (ജിഐകള്‍) സംബന്ധിച്ച കരാറുകള്‍ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്യുന്നു.
'ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (സ്പെയിന്‍ ഉള്‍പ്പെടെ) തമ്മിലുള്ള ശക്തമായ ബന്ധത്തിനുള്ള സാധ്യത വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ് സ്പെയിന്‍. ഇന്ത്യയില്‍ 4.2 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. യുറോപ്യന്‍ യൂണിയന്‍-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഞങ്ങളുടെ വിപണികളെ വളരാന്‍ സഹായിക്കും ', മുബൈയില്‍ നടന്ന സിഐഐ സ്‌പെയിന്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സാഞ്ചസ് നിരീക്ഷിച്ചു.
സ്പാനിഷ് പ്രധാനമന്ത്രിയുടെ സാഞ്ചസിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
'സൗരോര്‍ജ്ജം, കാറ്റ് എന്നിവയിലെ അനുഭവപരിചയം ഉപയോഗിച്ച് ഞങ്ങള്‍ക്ക് ഇന്ത്യയെ വളരെയധികം സഹായിക്കാനാകും. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം എന്ന ലക്ഷ്യത്തിലെത്താന്‍ ഞങ്ങളുടെ വൈദഗ്ധ്യം ഇന്ത്യയെ സഹായിക്കും.
ഊര്‍ജ സുരക്ഷയും ഹരിത പരിവര്‍ത്തനവും വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സ്പാനിഷ് നവീകരണവും ഇന്ത്യയുടെ സാധ്യതകളും സംയോജിപ്പിക്കുന്നതിലൂടെ ആഗോള സമ്പദ്വ്യവസ്ഥയിലും പരിസ്ഥിതിയിലും നമുക്ക് വലിയ സ്വാധീനം ചെലുത്താനാകും,' സാഞ്ചസ് പറഞ്ഞു.
സ്പെയിനിന്റെ നൂതന റെയില്‍വേ സംവിധാനങ്ങള്‍, സബ്വേ ശൃംഖലകള്‍, ഗതാഗത പരിഹാരങ്ങള്‍ എന്നിവ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്പാനിഷ് എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെ വൈദഗ്ധ്യം പങ്കുവെക്കുന്നതില്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.