കെഎസ്എസ്പിഎല്ലും കിഫ്ബിയും മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യം: ബാലഗോപാൽ
- പിഎസ്ഇകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളാണ് ഞങ്ങൾ ആവിഷ്‌കരിക്കുന്നത്. പക്ഷേ, ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. എല്ലാ പിഎസ്ഇകളും ലാഭം ഉണ്ടാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല, കാരണം അവയിൽ പലതും പൊതുജനങ്ങൾക്ക് സേവനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്.
- കെഎസ്ഇബിഎല്ലിന്റെ ആസ്തികളുടെ ഒരു പുനർമൂല്യനിർണയം നടത്തുകയാണെങ്കിൽ അവസ്ഥ ഈ പറഞ്ഞുണ്ടാക്കുന്നത് പോലെ അത്ര മോശമല്ലെന്ന് നമുക്ക് മനസ്സിലാകും.
തിരുവനന്തപുരം: കേരള ധനമന്ത്രി കെ എൻ ബാലഗോപാലുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് അഭിമുഖം നടത്താൻ മൈഫിൻപോയിന്റ് ഡോട്ട് കോമിന് (www.myfinpoint.com) അടുത്തിടെ അവസരം ലഭിക്കുകയുണ്ടായി. കുറഞ്ഞ സമയത്തിനുള്ളിൽ പൊതുസമൂഹത്തിൽ ചൂടേറിയ പല വിഷയങ്ങളും അന്നത്തെ ചർച്ചയിൽ വിഷയമായി.
2022-23 ബജറ്റ് അവതരിപ്പിക്കുമ്പോൾ, നിങ്ങൾ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ; CIAL) 200 കോടി രൂപ വകയിരുത്തുകയുണ്ടായി. ഇത് അവകാശ ഓഹരിക്കുള്ള (rights issue) സർക്കാർ വിഹിതമാണെന്ന് ഞാൻ ഊഹിക്കുന്നു. അവകാശ ഓഹരിയുടെ സ്ഥിതി ഇപ്പോൾ എന്താണ്?
പ്രസ്തുത അവകാശ ഓഹരി എപ്പോഴാണ് സിയാൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. എന്തായാലും ബജറ്റിലൂടെ നൽകിയ 200 കോടി രൂപ സിയാലിന് കൈമാറിയിട്ടുണ്ട്. zങ്ങൾക്കറിയാവുന്നതുപോലെ, റൈറ്റ്സ് ഇഷ്യൂ പോലുള്ള കാര്യങ്ങൾ പൂർണ്ണമായും കമ്പനിയുടെ (സിയാൽ) പ്രത്യേകാവകാശമാണ്; ഞാൻ സിയാലിന്റെ ഒരു ഭാഗമല്ല; അതിന്റെ ബോർഡ് അംഗവുമല്ല.
കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ ഏകദേശം 45,000 കോടി രൂപയിൽ നിന്ന് സംസ്ഥാനത്തിന്റെ അറ്റ വായ്പാ പരിധി (എൻബിസി; net borrowing ceiling) കുറയ്ക്കാൻ കേന്ദ്രം സംസ്ഥാനത്തോട് പറഞ്ഞത് ചർച്ചാവിഷയമായതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ നിലവിലെ സാഹചര്യം വിശദമാക്കാമോ?
താങ്കൾ പറഞ്ഞത് പോലെ, സംസ്ഥാനത്തിന്റെ കടമെടുപ്പ് ഏകപക്ഷീയമായിത്തന്നെ ഏകദേശം 35,000 കോടി രൂപയായി കുറച്ചിട്ടുണ്ട്; അത് ആത്യന്തികമായി കേന്ദ്രത്തിന്റെ തീരുമാനമാണെങ്കിലും. അതോടൊപ്പം, കടം വാങ്ങുന്നത് പെട്ടെന്ന് വെട്ടിക്കുറച്ചാൽ അത് സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഞങ്ങൾ കേന്ദ്രത്തോട് അതിലുള്ള എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (KSSPL) കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി, KIIFB) എന്നിവ എടുത്ത വായ്പകൾക്ക് നൽകിയ ഗ്യാരണ്ടിയാണ് ഇതിന് കാരണമെന്ന് ഞാൻ ഊഹിക്കുന്നു. ശരിയാണോ?
അതെ; കടമെടുപ്പ് വെട്ടിക്കുറയ്ക്കുന്നതിന് കേന്ദ്രം ഉയർത്തിയ പ്രധാന തർക്കം ഇതാണ്.
സംസ്ഥാന ഗവൺമെന്റ് നൽകിയ അത്തരം ഗ്യാരണ്ടികളുടെ ആകെ തുക എത്രയായിരിക്കും?
നിലവിൽ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്ഡിപി) 10 ശതമാനമാണ് സർക്കാർ ഗ്യാരന്റി നൽകുന്നത്. ഇത് മുമ്പ് ജിഎസ്ഡിപിയുടെ 5 ശതമാനമായിരുന്നു, എന്നാൽ സംസ്ഥാനം ഇത് അടുത്തിടെ ജിഎസ്ഡിപിയുടെ 10 ശതമാനമായി ഉയർത്തി. (FY22 GSDPയുടെ 10 ശതമാനം അർത്ഥമാക്കുന്നത് ഏകദേശം 80,000 കോടി രൂപ).
അപ്പോൾ വായ്പകൾ പരിധിയിൽ എത്തിയോ?
അതെ, ഞങ്ങൾ ആ പരിധിക്ക് അടുത്താണെന്ന് ഞാൻ കരുതുന്നു.
കാര്യങ്ങൾ അങ്ങനെ തന്നെ തുടരുന്ന അവസ്ഥയിൽ, കെഎസ്എസ്പിഎല്ലും കിഫ്ബിയും ഭാവിയിൽ സമാഹരിക്കുന്ന വായ്പകൾക്ക് സംസ്ഥാനത്തിന് ഗ്യാരണ്ടി നൽകാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
കെഎസ്എസ്പിഎൽ, കിഫ്ബി അല്ലെങ്കിൽ അത്തരത്തിലുള്ള സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വായ്പകൾക്ക് ഗ്യാരന്റി നൽകിയാൽ, അത്രയും തുക സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്; അതാണ് പ്രശ്നം; അതിനാൽ ഭാവിയിൽ ഇത്തരം വായ്പകൾക്ക് ഗ്യാരന്റി നൽകിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു.
അപ്പോൾ നിങ്ങളുടെ മുന്നിലുള്ള ഈ ദുരവസ്ഥയ്ക്ക് എന്താണ് ആശ്രയം?
ഈ വിഷയം ഞങ്ങൾ വീണ്ടും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ ഞങ്ങൾ ശക്തമായ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
അതായത് ഇനി മുതൽ കെഎസ്എസ്പിഎൽ, കിഫ്ബി എന്നിവയിൽ നിന്ന് അത്തരം വായ്പകൾക്ക് നിങ്ങൾ ഗ്യാരണ്ടി നൽകില്ല എന്നാണോ അതിനർത്ഥം?
ഞങ്ങൾക്ക് അങ്ങനെ പറയാൻ കഴിയില്ല. സംസ്ഥാനം ഇത്തരം വായ്പകൾക്ക് ഗ്യാരന്റി നൽകില്ല എന്നതല്ല ഞങ്ങളുടെ നിലപാട്, മറിച്ച് കേന്ദ്രത്തോടുള്ള ഞങ്ങളുടെ അഭ്യർത്ഥന സർക്കാർ വായ്പകളുടെ ഭാഗമായി അത്തരം വായ്പകൾ ഉൾപ്പെടുത്തരുതെന്നും ഞങ്ങളുടെ പരിധി കുറയ്ക്കണമെന്നുമാണ്. ഒരു കാര്യം ഉറപ്പാണ്; സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ രണ്ട് സ്ഥാപനങ്ങളും ഒഴിച്ചുകൂടാനാവാത്തതാണ്. കെഎസ്എസ്പിഎല്ലിനെയോ കിഫ്ബിയെയോ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയില്ല.
ഏകദേശം 73,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വകയിരുത്തിയിരിക്കുന്നത്. ഇതിനുള്ള ഫണ്ട് എവിടെ നിന്ന് സ്വരൂപിക്കും?
ദീർഘകാലം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതികളാണിത്. അതുകൊണ്ട് കിഫ്ബിയുടെ പദ്ധതികൾ ഫണ്ടിന്റെ ദൗർലഭ്യത്താൽ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ചെലവ് നിർത്തിയിട്ടില്ല, അത് മുന്നോട്ട് നീങ്ങുകയാണ്, ഒരുപക്ഷേ നമ്മൾ ആഗ്രഹിച്ചതുപോലെ അത്ര വേഗത്തിലാകില്ല.
അപ്പോൾ, കിഫ്ബി ഇപ്പോൾ സാമ്പത്തിക വെല്ലുവിളികളൊന്നും നേരിടുന്നില്ല എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?
അതെ. കിഫ്ബി ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയൊന്നും നേരിടുന്നില്ല. എന്നാൽ കേന്ദ്രം അതിന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, അത് ഭാവിയിലെ അതിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിച്ചേക്കാം, എന്നാൽ കേന്ദ്രം നമ്മുടെ ആവശ്യം ക്രിയാത്മകമായി പരിഗണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ ഞങ്ങളുടെ നിലപാട് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്.
വിപണിയിൽ സിയാൽ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിന്റെ സ്ഥിതി എന്തായി?
ഞാൻ മുമ്പ് പറഞ്ഞതുപോലെ, അതിന്റെ കാര്യങ്ങൾ പരിപാലിക്കാൻ ഒരു ബോർഡുള്ള ഒരു പ്രത്യേക കമ്പനിയായതിനാൽ എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല.
കെഎസ്ഇബിഎൽ ജീവനക്കാരുടെ പെൻഷൻ പ്രശ്നം പരിഹരിക്കുന്നതിന് ഒരു ബോണ്ട് ഇഷ്യൂവിന് അനുമതിക്കായി കെഎസ്ഇബിഎൽ സർക്കാരിനെ സമീപിച്ചതായി കേട്ടു. ഇപ്പോൾ അതിന്റെ അവസ്ഥ എന്താണ്?
ഇത് ഇപ്പോൾ ഞങ്ങളുടെ അടുത്ത് എത്തിയിട്ടുണ്ട്. ആ ബോണ്ട് ഇഷ്യുവിന്റെ എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കയാണ്. അത് കഴിഞ്ഞാൽ ഞങ്ങൾ ഒരു തീരുമാനം എടുക്കും.
100-ഓളം പൊതുമേഖലാ സ്ഥാപനങ്ങളുടെ (പിഎസ്ഇ) നടത്തിപ്പിനായി സർക്കാർ ഇതുവരെ ഏകദേശം 68,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി;CAG) റിപ്പോർട്ട് പറയുന്നു, എന്നാൽ നിക്ഷേപത്തിൽ വലിയ നെഗറ്റീവ് റിട്ടേൺ ആണ് സംഭവിച്ചിട്ടുള്ളത്. ഭാവിയിൽ ഈ പിഎസ്ഇകളുടെ കാര്യം നിങ്ങൾ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?
പിഎസ്ഇകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളാണ് ഞങ്ങൾ ആവിഷ്‌കരിക്കുന്നത്. പക്ഷേ, ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. എല്ലാ പിഎസ്ഇകളും ലാഭം ഉണ്ടാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല, കാരണം അവയിൽ പലതും പൊതുജനങ്ങൾക്ക് സേവനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്.
16,000 കോടി രൂപയുടെ നെഗറ്റീവ് ആസ്തിയുള്ള കെഎസ്ഇബിഎൽ പോലുള്ള കമ്പനികളുണ്ട്. ഇത് അതിന്റെ ഏക ഉടമയായ സർക്കാരിന് മുന്നിൽ ഒരു യഥാർത്ഥ വെല്ലുവിളി ആയിരിക്കുമെന്ന് നിങ്ങൾ കരുതുന്നില്ലേ?
കെഎസ്ഇബിഎല്ലിന് വളരെ വലിയ സ്ഥിര ആസ്തിയുണ്ട്. അതിന്റെ ആസ്തികളുടെ ഒരു പുനർമൂല്യനിർണയം നടത്തുകയാണെങ്കിൽ, കെഎസ്ഇബിഎല്ലിന്റെ അവസ്ഥ ഈ പറഞ്ഞുണ്ടാക്കുന്നത് പോലെ അത്ര മോശമല്ലെന്ന് നമുക്ക് മനസ്സിലാകും.