വ്യാവസായിക വളര്‍ച്ച; കേരളം അതിവേഗ പാതയിലെന്ന് വ്യവസായ മന്ത്രി

  • മൂന്നര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം ആഭ്യന്തര സംരംഭകരില്‍ നിന്ന് ആകര്‍ഷിച്ചത് 44,000 കോടിയുടെ നിക്ഷേപം
  • 2021 മുതല്‍ സംസ്ഥാനത്ത് ആരംഭിച്ചത് ഒരു കോടിയിലധികം നിക്ഷേപമുള്ള 696 പദ്ധതികള്‍

Update: 2024-12-03 03:12 GMT

കേരളം വ്യാവസായിക വളര്‍ച്ചയുടെ അതിവേഗ പാതയിലെന്ന് വ്യവസായ മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര സംരംഭകരില്‍ നിന്ന് മാത്രം 44,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) സംഘടിപ്പിച്ച സംരംഭകരുടെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

100 മുതല്‍ 500 കോടി രൂപ വരെ നിക്ഷേപിക്കുന്ന സംരംഭകരുടെ കോണ്‍ക്ലേവാണ് കെഎസ്‌ഐഡിസി സംഘടിപ്പിച്ചത്. അടുത്ത ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായാണ് കോണ്‍ക്ലേവ്.

സംസ്ഥാനത്ത് 2021 മുതല്‍ ഒരു കോടിയിലധികം നിക്ഷേപമുള്ള 696 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതില്‍ 203 എണ്ണം 100 കോടിയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ വിഭാഗത്തില്‍ കേരളത്തിന് മൊത്തം 15,925.89 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

2022-23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 3,43,083 സംരംഭങ്ങളാണ് ആരംഭിച്ചത്. ഈ പദ്ധതികള്‍ 21,299 കോടി രൂപയുടെ നിക്ഷേപമാണ് ആകര്‍ഷിച്ചത്. ഈ സംരംഭങ്ങളുടെ ഭാഗമായി ഏഴ്‌ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും മന്ത്രി പറഞ്ഞു. ഇതില്‍ 31 ശതമാനം വനിതാ സംരംഭകരാണ്.

ഇക്കാലയളവില്‍ ഗണ്യമായ നിക്ഷേപമുള്ള കമ്പനികളുടെ വൈവിധ്യവല്‍ക്കരണത്തിലും പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനയിലും സമാനമായ പുരോഗതി സംസ്ഥാനം കൈവരിച്ചു. നിക്ഷേപത്തിന് തയ്യാറായി നിരവധി വിദേശ കമ്പനികളും കേരളത്തിലെത്തുന്നുണ്ടെന്നും പുതിയ വഴികള്‍ തേടുന്നുണ്ടെന്നും രാജീവ് പറഞ്ഞു.

വ്യാവസായിക സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളിലെ സുതാര്യത സംസ്ഥാനത്തെ മുഴുവന്‍ വ്യവസായ മേഖലയിലും ഗുണപരമായ മാറ്റം കൊണ്ടുവന്നതായി മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യാവസായിക നയം 2023 ഗണ്യമായ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുന്ന 22 മുന്‍ഗണനാ മേഖലകളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം അനുകൂലമായ ബിസിനസ് അന്തരീക്ഷത്തിലാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപക സംഗമം, സെക്ടറല്‍ കോണ്‍ക്ലേവുകള്‍, റോഡ്ഷോകള്‍ തുടങ്ങിയ പരിപാടികള്‍ സാധ്യതയുള്ള മേഖലകള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള അവസരം നല്‍കുന്നതിനായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റാങ്കിംഗില്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം നടത്തണമെന്നും വ്യവസായ സംരംഭകര്‍ കേരളത്തിന്റെ വ്യവസായ മേഖലയുടെ അംബാസഡര്‍മാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News