ധനകാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കേരളവും കേന്ദ്രവും, നിലപാട് അറിയിച്ചത് സുപ്രീംകോടതിയില്‍
- ചര്‍ച്ചയെ കുറിച്ചുള്ള തീരുമാനം ഉച്ചയ്ക്ക് ശേഷം അറിയിക്കണം
- ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് ഡെല്‍ഹിക്ക് തിരിച്ചേക്കും
- കേരളം ഹര്‍ജി നല്‍കിയത് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിന് എതിരേ
സാമ്പത്തിക കാര്യങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും ചര്‍ച്ചയ്ക്ക് തയ്യാറായിക്കൂടെയെന്ന് സുപ്രീംകോടതി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ആരാഞ്ഞത്. ചര്‍ച്ചയ്ക്കു തയാറാണെന്ന് കേരളവും കേന്ദ്രവും നിലപാട് അറിയിച്ചിട്ടുണ്ട്.
സംസ്ഥാന ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നതിനാണ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിലപാട് ഉച്ചയ്ക്ക് അറിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുകയാണെങ്കില്‍ ഇന്നോ നാളെയോ തന്നെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഡെല്‍ഹിയില്‍ പോകുന്നതിന് സന്നദ്ധമാണെന്നും കേരളം അറിയിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്‍റെ നിലപാടുകള്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് കേരളം ഹര്‍ജിയില്‍ ആരോപിക്കുന്നത്. എന്നാല്‍ കടമെടുപ്പ് പരിധി ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യത്തിന് ഗുണകരമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു.
സംസ്ഥാനത്തെ ഏതു സര്‍ക്കാര്‍ സ്ഥാപനം എടുക്കുന്ന വായ്പയെയും സംസ്ഥാനത്തിന്‍റെ കടമെടുപ്പായി പരിഗണിക്കുന്നതായും കേരളം ആരോപിക്കുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി, കെഎസ്ഇബി എന്നീ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ വായ്പയെടുക്കാവുന്നതാണ് എന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നത്.