കര്‍ണാടക ജിസിസി കരട് നയം പുറത്തിറക്കി
- നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് പുതിയ നയം സഹായിക്കും
- എഐ ഗവേഷണത്തിലും വികസനത്തിലും കര്‍ണാടകയെ മുന്‍പന്തിയിലെത്തിക്കും
- അടുത്ത ദശകത്തില്‍ ജിസിസി മേഖല 12-14 ശതമാനം സംയുക്ത വാര്‍ഷിക നിരക്കില്‍ വളരും
കര്‍ണാടക സര്‍ക്കാര്‍ ഗ്ലോബല്‍ കപ്പാസിറ്റി സെന്റര്‍ (ജിസിസി) കരട് നയം പുറത്തിറക്കി. 2029 ഓടെ 50 ബില്യണ്‍ ഡോളര്‍ സാമ്പത്തിക ഉല്‍പ്പാദനം സൃഷ്ടിക്കുക എന്നലക്ഷ്യമാണ് ഇതിനുള്ളത്. മൂന്നരലക്ഷം തൊഴിലവസരങ്ങള്‍ അതുവഴി സൃഷ്ടിക്കപ്പെടും.
നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് പുതിയ നയം സഹായിക്കും. പ്രാദേശിക ഇന്നൊവേഷന്‍ ഇക്കോസിസ്റ്റവുമായി തടസ്സമില്ലാത്ത സഹകരണം പ്രോത്സാഹിപ്പിക്കുക, എഐ ഗവേഷണത്തിലും വികസനത്തിലും കര്‍ണാടകയെ മുന്‍പന്തിയിലെത്തിക്കുക എന്നതും നയത്തിന്റെ ലക്ഷ്യങ്ങളില്‍പെടുന്നു.
വിപുലമായ വ്യവസായ ഗവേഷണങ്ങളിലൂടെയും പങ്കാളികളുടെ കണ്‍സള്‍ട്ടേഷനുകളിലൂടെയുമാണ് നയം രൂപീകരിച്ചത്. വളര്‍ച്ചയ്ക്കും പ്രോത്സാഹനത്തിനും സഹകരണത്തിനും വേണ്ടിയുള്ള ഒരു സമഗ്ര ചട്ടക്കൂടാണ് പുതിയ ജിസിസി നയമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
1.2 ദശലക്ഷത്തിലധികം തൊഴിലാളികളുള്ളതും സമ്പദ്വ്യവസ്ഥയിലേക്ക് 22.2 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നതുമാണ് ജിസിസികള്‍ എന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ബയോടെക്നോളജി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. കര്‍ണാടകയുടെ വളര്‍ച്ചയുടെയും തൊഴിലവസരങ്ങളുടെയും സുപ്രധാന ഉറവിടമാണ് ഇത്.
'ഈ നയത്തിലൂടെ, അടുത്ത ദശകത്തില്‍ ജിസിസി മേഖല 12-14 ശതമാനം സംയുക്ത വാര്‍ഷിക നിരക്കില്‍ വളരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 2029-ഓടെ ദേശീയ ജിസിസി വിപണി വിഹിതത്തിന്റെ 50 ശതമാനത്തോളം കര്‍ണാടകയില്‍നിന്നാകും.
കരട് നയം ഇപ്പോള്‍ പൊതുജനാഭിപ്രായങ്ങള്‍ക്കായി ഇപ്പോള്‍ നല്‍കിയിരിക്കുന്നു. നയം കൂടുതല്‍ പരിഷ്‌കരിക്കാനും ശക്തിപ്പെടുത്താനും സര്‍ക്കാര്‍ എല്ലാ പങ്കാളികളില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.