സിപിഐ പണപ്പെരുപ്പം കുറയുമെന്ന് റിപ്പോര്‍ട്ട്
- ഡിസംബറില്‍ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 ശതമാനമാവുമെന്നാണ് പ്രവചനം
- നവംബറില്‍ ഇത് 5.5 ശതമാനമായിരുന്നു
- പച്ചക്കറികളുടെ വിലയിടിവാണ് പണപ്പെരുപ്പം കുറയാന്‍ കാരണമാകുക
ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം (സിപിഐ) കുറയും. 2024 ഡിസംബറില്‍ പണപ്പെരുപ്പം 5 ശതമാനമാവുമെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ പ്രവചനം.
നവംബറില്‍ 5.5 ശതമാനമായിരുന്നു പണപ്പെരുപ്പം. ഡിസംബറില്‍ ഇത് 5 ശതമാനമാവും. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ വില കുറഞ്ഞതാണ് സൂചികയെ തണുപ്പിച്ചത്. ആഗോളതലത്തില്‍ എണ്ണവില സ്ഥിരതയാര്‍ജിച്ചതും തുണയായി. ഇതോടെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആര്‍ബിഐ പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ വര്‍ധിച്ചു.
ഡിസംബറില്‍ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളുടെ വിലയിലാണ് കാര്യമായ ഇടിവ് പ്രകടമായത്. 9.8 ശതമാനം മുതല്‍ 22.7% ശതമാനം വരെ വിലയിടിവുണ്ടായി. വരും മാസങ്ങളിലും പച്ചക്കറി വിലയില്‍ ഈ പ്രവണത തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും വിലയിരുത്തുന്നത് ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പമാണ്. റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്തുക എന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. പണപ്പെരുപ്പം അതിന്റെ പരിധിക്ക് താഴെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ഫെബ്രുവരിയില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കും.
നിരക്ക് വെട്ടിക്കുറച്ചില്ലെങ്കില്‍, പണനയത്തില്‍ മാറ്റം വരാനുള്ള സാധ്യതയും കൂടുതലാണ്.ഇത് വായ്പയെടുത്തവര്‍ക്കും, വായ്പ എടുക്കാനിരിക്കുന്നവര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. നിരക്കുകള്‍ കുറയുന്നതോടെ വ്യാവസായിക മേഖലയുടെ തളര്‍ച്ച വിട്ടകലുമെന്നും പ്രതീക്ഷിക്കുന്നു.