തക്കാളി വിലക്കയറ്റം; റീട്ടെയില്‍ പണപ്പെരുപ്പം ഉയരാന്‍ കാരണമായേക്കും
- ഇന്ന് റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച കണക്ക് പുറത്തുവിടും
- 2023 ജനുവരിക്കു ശേഷം റീട്ടെയില്‍ പണപ്പെരുപ്പം താഴ്ന്നിരുന്നു
- റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസം 4.25 ശതമാനമായിരുന്നു
തക്കാളി, ഉള്ളി, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കുതിച്ചുയരുന്ന വില ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം (retail inflation) ഉയരാന്‍ കാരണമായേക്കുമെന്നു സൂചന. ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ (ആര്‍ബിഐ) കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ന് (ജുലൈ 12) ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയ (Consumer Price Index -CPI) റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച കണക്ക് പുറത്തുവിടും.
2023 ജനുവരിക്കു ശേഷം റീട്ടെയില്‍ പണപ്പെരുപ്പം താഴ്ന്നിരുന്നു. എന്നാല്‍ തക്കാളി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധന തിരിച്ചടിയായെന്നാണു കരുതുന്നത്.
ബ്ലൂംബെര്‍ഗ് സര്‍വേ പ്രകാരം റീട്ടെയില്‍ പണപ്പെരുപ്പം ജൂണ്‍മാസം 4.6 ശതമാനമായി ഉയര്‍ന്നു എന്നാണ്. ഇത് മെയ് മാസം 4.25 ശതമാനമായിരുന്നു.
ഭക്ഷണത്തിലെ പ്രധാന ചേരുവകളാണ് തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ. ഇവയുടെ വില കഴിഞ്ഞയാഴ്ചകളില്‍ വര്‍ധിക്കുകയുണ്ടായി.
ഉപഭോക്തൃ വില സൂചികയുടെ ഒരു ചെറിയ ഭാഗം ആണെങ്കില്‍പ്പോലും, റീട്ടെയില്‍ പണപ്പെരുപ്പത്തിലെ ചാഞ്ചാട്ടത്തിന് പ്രധാന സംഭാവന നല്‍കുന്നതാണ് ഇവയെന്ന് ആര്‍ബിഐയുടെ ഒരു പഠനം പറയുന്നു.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദുര്‍ബലമായ മണ്‍സൂണും മറ്റ് പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കവും പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളുടെയും വില കുതിച്ചുയരുന്നതിനും കാരണമായി.