രാജ്യത്തെ സേവനമേഖലയുടെ വളര്‍ച്ച കുറഞ്ഞു
- സേവനമേഖലയിലെ തൊഴില്‍ രംഗത്ത് വളര്‍ച്ച
- മെച്ചപ്പെട്ട ബിസിനസ്സ്, ശക്തമായ അന്താരാഷ്ട്ര ഡിമാന്‍ഡ് എന്നിവയെ നിയമന കുതിച്ചുചാട്ടം പ്രതിഫലിപ്പിക്കുന്നു
രാജ്യത്തെ സേവന മേഖലയുടെ വളര്‍ച്ച നവംബറില്‍ 58.4 ആയി കുറഞ്ഞു. അതേസമയം സെഗ്മെന്റിലെ തൊഴില്‍ രംഗം മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായും ഒരു പ്രതിമാസ സര്‍വേ പറയുന്നു.
എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് ബിസിനസ് ആക്ടിവിറ്റി സൂചിക 58.4 ആയി കുറഞ്ഞതിന് കാരണം വില്‍പ്പനവര്‍ധന കുറഞ്ഞതാണ്. കഴിഞ്ഞ മാസം, രാജ്യത്തെ സേവനങ്ങളുടെ പിഎംഐ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് കരകയറിയിരുന്നു.
50ന് മുകളിലുള്ള പിഎംഐ സ്‌കോര്‍ സമ്പദ് വ്യവസ്ഥയുടെ വിപുലീകരണത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ 50-ല്‍ താഴെയുള്ള സ്‌കോര്‍ സങ്കോചത്തെയാണ് അര്‍ത്ഥമാക്കുന്നത്.
'ഇന്ത്യ നവംബറില്‍ ശക്തമായ 58.4 എന്ന സേവനങ്ങളുടെ പിഎംഐയാണ് രേഖപ്പെടുത്തിയത്. മുന്‍ മാസത്തെ 58.5 ല്‍ നിന്ന് നേരിയ കുറവ് മാത്രമാണ് ഉണ്ടായത്. നവംബറില്‍, സേവന മേഖലയിലെ തൊഴിലവസരങ്ങള്‍ 2005-ല്‍ ഈ സര്‍വേ ആരംഭിച്ചതിന് ശേഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ വളര്‍ന്നു,' എച്ച്എസ്ബിസി ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു.
'ഈ മേഖലയുടെ ആത്മവിശ്വാസം, മെച്ചപ്പെട്ട ബിസിനസ്സ് ,വര്‍ധിച്ചുവരുന്ന പുതിയ ഓര്‍ഡറുകള്‍, ശക്തമായ അന്താരാഷ്ട്ര ഡിമാന്‍ഡ് എന്നിവയെയാണ് നിയമന കുതിച്ചുചാട്ടം പ്രതിഫലിപ്പിക്കുന്നത്. അതേ സമയം, ഉയര്‍ന്ന ഭക്ഷണ, തൊഴില്‍ ചെലവുകള്‍ ഇന്‍പുട്ട്, ഔട്ട്പുട്ട് വിലകള്‍ ഏറ്റവും വേഗതയേറിയ നിരക്കിലേക്ക് ഉയര്‍ത്തി. 'ഭണ്ഡാരി പറഞ്ഞു.
നവംബറിലെ പുതിയ ബിസിനസ്സിന്റെയും ഉല്‍പ്പാദനത്തിന്റെയും കൂടുതല്‍ വളര്‍ച്ചയ്ക്ക് ഡിമാന്‍ഡിലെ ശക്തി സഹായകമായെന്ന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ സൂചിപ്പിച്ചു. സേവന സ്ഥാപനങ്ങള്‍ റിക്രൂട്ട്മെന്റ് ഡ്രൈവുകളിലൂടെ അവരുടെ പ്രവര്‍ത്തന ശേഷി വിപുലീകരിക്കുന്നത് തുടര്‍ന്നു. പുതിയ ബിസിനസ്സിനെ അവര്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു.
തൊഴില്‍ ചെലവുകള്‍ പണപ്പെരുപ്പത്തില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം ചെലുത്തി. മൊത്തത്തില്‍, ചെലവുകളും ഔട്ട്പുട്ട് ചാര്‍ജുകളും യഥാക്രമം 15 മാസങ്ങളിലെയും ഏതാണ്ട് 12 വര്‍ഷങ്ങളിലെയും ഏറ്റവും വേഗതയേറിയ നിരക്കില്‍ ഉയര്‍ന്നു. ചെലവുകളുടെ ഈ തീവ്രത നവംബറില്‍ സ്വന്തം ചാര്‍ജുകള്‍ ഉയര്‍ത്താന്‍ സേവന ദാതാക്കളെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.