റഷ്യന്‍ ക്രൂഡിന്റെ വില വര്‍ധിച്ചിട്ടും ഇന്ത്യയുടെ വാങ്ങല്‍ തുടരുന്നു

  • ഇന്ത്യയിലെ നാല് പ്രധാന റിഫൈനറികളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് റഷ്യയുടെ യുറല്‍ ക്രൂഡ് വാങ്ങുന്നത് തുടരുമെന്നാണ്
  • കഴിഞ്ഞ വര്‍ഷം മുതല്‍ റഷ്യന്‍ ക്രൂഡിന്റെ ഇന്ത്യയിലെ ഉപഭോഗം കുതിച്ചുയര്‍ന്നിരുന്നു
  • ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് വിതരണം ചെയ്യുന്ന രാജ്യം കൂടിയാണ് റഷ്യ
;

Update: 2023-08-12 05:19 GMT
റഷ്യന്‍ ക്രൂഡിന്റെ വില വര്‍ധിച്ചിട്ടും ഇന്ത്യയുടെ വാങ്ങല്‍ തുടരുന്നു
  • whatsapp icon

ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷം റഷ്യന്‍ യുറല്‍ ക്രൂഡിന്റെ പ്രധാന ഉപഭോക്താക്കളാണ് ഇന്ത്യ. കാരണം വിലക്കുറവ് എന്ന ഘടകമാണ്. എന്നാല്‍ സമീപകാലത്ത് റഷ്യന്‍ ക്രൂഡിന്റെ വില വര്‍ധിച്ചിട്ടും മോസ്‌കോയില്‍ നിന്നും പിന്തിരിയാന്‍ ഇന്ത്യയ്ക്കു പദ്ധതിയില്ല. താങ്ങാനാവുന്ന ഓപ്ഷനുകളില്‍ ഒന്നായിട്ടാണ് റഷ്യന്‍ ബാരലുകളെ ഇന്ത്യ ഇന്നും കരുതുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ റഷ്യന്‍ ക്രൂഡിന്റെ ഇന്ത്യയിലെ ഉപഭോഗം കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോള്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് വിതരണം ചെയ്യുന്ന രാജ്യം കൂടിയാണ് റഷ്യ. സൗദി അറേബ്യയെയും ഇറാഖിനെയും പിന്തള്ളിയാണ് റഷ്യ ക്രൂഡ് വിതരണത്തിന്റെ കാര്യത്തില്‍ മുന്‍നിരക്കാരായി മാറിയത്.

റഷ്യയില്‍നിന്നും ക്രൂഡ് കൂടുതല്‍ വാങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത് വിലക്കുറവ് എന്ന ഘടകമാണ്. പക്ഷേ, സമീപകാലത്ത് റഷ്യന്‍ ക്രൂഡിന് വില വര്‍ധിച്ചു.

ഈ വര്‍ഷം ആദ്യം, റഷ്യന്‍ ക്രൂഡും ദുബായ് ബെഞ്ച്മാര്‍ക്കും തമ്മിലുള്ള വ്യത്യാസം ഡെലിവറി അടിസ്ഥാനത്തില്‍ ഏകദേശം 20 ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ 8 ഡോളറായി ചുരുങ്ങിയിട്ടുണ്ട്.

ആര്‍ഗസ് മീഡിയ ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം, ഓഗസ്റ്റ് 4-ന് യുറല്‍സ് ക്രൂഡ് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് എത്തിച്ചപ്പോള്‍ ബാരലിന് വില 81 ഡോളറിന് മുകളിലായിരുന്നു. എന്നാല്‍ ഒരു മാസം മുന്‍പ് ഇത് ഏകദേശം 68 ഡോളറായിരുന്നു.

എന്നിട്ടും, ഇന്ത്യയിലെ നാല് പ്രധാന റിഫൈനറികളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് റഷ്യയുടെ യുറല്‍ ക്രൂഡ് വാങ്ങുന്നത് തുടരുമെന്നാണ്.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സമാന നിലവാരമുള്ള ബാരലുകള്‍ കൂടുതല്‍ ചെലവേറിയതായും ഇവര്‍ പറയുന്നു.

റഷ്യന്‍ ക്രൂഡ് ശുദ്ധീകരിക്കാന്‍ ഇന്ത്യയ്ക്കു പരിമിതമായ ശേഷിയാണ് ഉള്ളതെന്ന് ഒരു ധാരണ ഉണ്ടായിരുന്നു. ഇത് റഷ്യയില്‍ നിന്നുള്ള ക്രൂഡിന്റെ ഇറക്കുമതിയില്‍ കുറവ് വരുത്തുമെന്നും വിചാരിച്ചിരുന്നു. എന്നാല്‍ അത്തരമൊരു തടസ്സം ഇല്ലെന്ന് വ്യക്തമായി. ഇറക്കുമതിയിലുണ്ടാകുന്ന ഉയര്‍ന്ന ലോജിസ്റ്റിക്‌സ് ചെലവുകളെ മറികടക്കുന്ന കിഴിവ് റഷ്യന്‍ ക്രൂഡിന് ലഭിച്ചാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാന്‍ കഴിയുമെന്നും തെളിയിച്ചിരിക്കുകയാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജൂണില്‍ ഇന്ത്യന്‍ തീരങ്ങളില്‍ റഷ്യന്‍ ക്രൂഡ് ഇറക്കുന്നതിനുള്ള ശരാശരി ചെലവ് ബാരലിന് 68.17 ഡോളറായിരുന്നു. ഇത് ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു.

എന്നാല്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ ചെലവ് ബാരലിന് ശരാശരി 81.78 ഡോളറുമായിരുന്നു.

സെപ്റ്റംബര്‍ വരെ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചതോടെ ഓയില്‍ ഫ്യൂച്ചറുകള്‍ നിലവില്‍ ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.

Tags:    

Similar News