ഇന്ത്യയുടെ ഒക്ടോബറിലെ വ്യാപാര കമ്മി 31.46 ബില്യണ്‍ ഡോളര്‍
- ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം മികച്ചതും മറ്റ് ബാഹ്യ ഫണ്ടിംഗ് സ്രോതസ്സുകള്‍ ശക്തവുമാണ്.
;

ഇന്ത്യയുടെ വ്യാപാര കമ്മി ഒക്ടോബറില്‍ 3146 കോടി (31.46 ബില്യണ്‍) ഡോളറായി ഉയര്‍ന്നു. ഇന്ത്യയുടെ കയറ്റുമതി ഇക്കഴിഞ്ഞ ഒക്ടോബറില്‍ 6.21 ശതമാനം ഉയര്‍ന്ന് 33.57 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം 31.6 ബില്യണ്‍ ഡോളറായിരുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ ബുധനാഴ്ച വ്യക്തമാക്കുന്നു. ഇറക്കുമതി 2022 ഒക്ടോബറിലെ 57.91 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം ഒക്ടോബറില്‍ 65.03 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
റോയിട്ടേഴ്സ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പില്‍ രാജ്യത്തിന്റെ ഒക്ടോബറിലെ വ്യാപാര കമ്മി 20.50 ബില്യണ്‍ ഡോളറായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. സെപ്റ്റംബറിലെ 29.37 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഒക്ടോബറിലെ സേവന കയറ്റുമതി 28.70 ബില്യണ്‍ ഡോളറായി കുറഞ്ഞു.
സമാനകാലയളവില്‍ സേവന ഇറക്കുമതി 14.91 ബില്യണ്‍ ഡോളറില്‍ നിന്ന് 14.32 ബില്യണ്‍ ഡോളറായും കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പുകുതിയില്‍ (ഏപ്രില്‍-ഒക്ടോബര്‍) കയറ്റുമതി ഏഴ് ശതമാനം കുറഞ്ഞ് 244.89 ബില്യണ്‍ ഡോളറായി. ഏഴ് മാസ കാലയളവിലെ ഇറക്കുമതി 8.95 ശതമാനം ഇടിഞ്ഞ് 391.96 ബില്യണ്‍ ഡോളറായി.
ഒക്ടോബറിലെ വ്യാപാര കണക്കുകള്‍ വളര്‍ച്ചയുടെ സൂചനയാണ് പ്രകടമാക്കുന്നതെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു. ആഗോള ഡിമാന്‍ഡ് മന്ദഗതിയിലായതാണ് നിലവില്‍ ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അത് വീണ്ടെടുക്കുമെന്ന് ധനമന്ത്രാലയം സെപ്റ്റംബറിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തില്‍ പ്രവചിച്ചിരുന്നു. ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം മികച്ചതും മറ്റ് ബാഹ്യ ഫണ്ടിംഗ് സ്രോതസ്സുകള്‍ ശക്തവുമാണ്.