ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് ചെലവുകള്‍ കുത്തനെ കുറയും

  • മൂന്നു വര്‍ഷത്തിനുള്ളില്‍ ലോജിസ്റ്റിക്‌സ് ചെലവുകള്‍ 9 ശതമാനമാകും
  • നിലവില്‍ രാജ്യത്തെ ചെലവ് 14-16 ശതമാനമാണ്
  • ചൈനയില്‍ ഇത് 8 ശതമാനവും

Update: 2024-12-08 05:10 GMT

അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ലോജിസ്റ്റിക് ചെലവ് ഒന്‍പത് ശതമാനമായി കുറയുമെന്ന് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്ന് ഇന്ത്യയില്‍ ലോജിസ്റ്റിക്സ് ചെലവ് 14%-16% ആണ്. ചൈനയിലാകട്ടെ ഇത് 8ശതമാനവും. യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ്എയിലും ഇത് 12% ആണ്. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന എക്‌സ്പ്രസ് വേകള്‍ പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് 12 മണിക്കൂറും ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് മണിക്കൂറും ആയിരിക്കും ഗതാഗത സമയം. എനിക്ക് ഉറപ്പുണ്ട് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ലോജിസ്റ്റിക്‌സ് ചെലവ് ഒമ്പത് ശതമാനമാകും'', ഗഡ്കരി പറഞ്ഞു.

ഭാവിയിലേക്കുള്ള നിര്‍ണായക ഇന്ധനമായി ഹൈഡ്രജന്‍ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ പ്രാധാന്യവും നിതിന്‍ ഗഡ്കരി ഊന്നിപ്പറയുകയും ഹൈഡ്രജനും സിഎന്‍ജിയും ഉല്‍പ്പാദിപ്പിക്കുന്നതില്‍ ബയോമാസ്, ബയോഡൈജസ്റ്റര്‍ സാങ്കേതികവിദ്യകളുടെ പങ്ക് ഊന്നിപ്പറയുകയും ചെയ്തു.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ ബദല്‍, ജൈവ ഇന്ധനം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യ മുന്‍നിരയില്‍ എത്തുമെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു. മൊത്തം ടോള്‍ വരുമാനം നിലവില്‍ 52,000 കോടി രൂപയാണെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 1.4 ലക്ഷം കോടി രൂപയിലെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

''ഞങ്ങള്‍ ഗ്രീന്‍ എക്സ്പ്രസ് ഹൈവേകള്‍ നിര്‍മ്മിക്കുകയാണ്, ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ല, കാരണം ഞങ്ങള്‍ ഏറ്റെടുക്കുന്ന ഓരോ പദ്ധതിയും സാമ്പത്തികമായി ലാഭകരമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2.8 ലക്ഷം കോടി രൂപ ബജറ്റില്‍ തനിക്ക് ധനമന്ത്രാലയത്തിന്റെ ശക്തമായ പിന്തുണയുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം, പ്രത്യേകിച്ച് വെള്ളം, വൈദ്യുതി, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ പ്രധാനമന്ത്രി മുന്‍ഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News