ഇന്ത്യ-യുഎസ് വ്യാപാരകരാര്‍; ബിസിനസ് ലോകത്ത് ആത്മവിശ്വാസം

  • 2030-ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഇരട്ടിയിലധികമാകും
  • ഈ വര്‍ഷം വ്യാപാരകരാര്‍ സംബന്ധിച്ച് ആദ്യ ഘട്ടം ചര്‍ച്ച നടക്കും
;

Update: 2025-02-16 12:52 GMT
ഇന്ത്യ-യുഎസ് വ്യാപാരകരാര്‍;   ബിസിനസ് ലോകത്ത് ആത്മവിശ്വാസം
  • whatsapp icon

ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ച ആരംഭിക്കുമെന്ന പ്രഖ്യാപനം ഇരു രാജ്യങ്ങളിലെയും ബിസിനസ് രംഗത്ത് ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇത് സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍, ഇന്ത്യയും യുഎസും 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഇരട്ടിയിലധികം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025 അവസാനത്തോടെ പരസ്പര പ്രയോജനകരമായ, ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടം ചര്‍ച്ച ചെയ്യുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.

'ഈ വര്‍ഷം അവസാനത്തോടെ ഒരു വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരു കരാറോ ധാരണയോ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇത് വളരെയധികം ആത്മവിശ്വാസവും ആശ്വാസവും നല്‍കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇരുരാജ്യങ്ങള്‍ക്കും യോജിച്ച് ലോക വ്യാപാരത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു,' ഗോയല്‍ പറഞ്ഞു.

സാധാരണയായി ഒരു സ്വതന്ത്ര വ്യാപാര കരാറില്‍, രണ്ട് വ്യാപാര പങ്കാളികള്‍ അവര്‍ക്കിടയില്‍ വ്യാപാരം ചെയ്യാവുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നു. കൂടാതെ, സേവനങ്ങളിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി അവര്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇരു രാജ്യങ്ങളും ഒരു ചെറിയ വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അത്തരം കരാറുകളെ അനുകൂലിക്കാത്തതിനാല്‍ ജോ ബൈഡന്‍ ഭരണകൂടം അത് ഉപേക്ഷിക്കുകയായിരുന്നു.

ഓസ്ട്രേലിയ, യുഎഇ, ഇഎഫ്ടിഎ ബ്ലോക്ക് എന്നിവയുള്‍പ്പെടെ വികസിത ലോകവുമായി പുതിയ വ്യാപാര കരാറുകളിലൂടെ ഇന്ത്യ കൂടുതല്‍ സാധ്യതകള്‍ തേടുകയാണ്. അതുവഴി പുതിയ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നുണ്ടെന്നും വാണിജ്യ മന്ത്രി പറഞ്ഞു.

യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായി ഇന്ത്യ ഒരു വ്യാപാര കരാര്‍ അന്തിമമാക്കാന്‍ പോകുകയാണ്. അതിനുപുറമേയാണ് യുഎസുമായി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രസക്തിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ഗോയല്‍ പറഞ്ഞു.

2023-ല്‍, യുഎസും ഇന്ത്യയും തമ്മിലുള്ള ചരക്കുകളിലും സേവനങ്ങളിലുമുള്ള ഉഭയകക്ഷി വ്യാപാരം 190.08 ബില്യണ്‍ യുഎസ് ഡോളറായിരുന്നു (123.89 ബില്യണ്‍ യുഎസ് ഡോളര്‍ ചരക്കുകളും 66.19 ബില്യണ്‍ യുഎസ് ഡോളര്‍ സേവന വ്യാപാരവും). ആ വര്‍ഷം, യുഎസിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 83.77 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. അതേസമയം ഇറക്കുമതി 40.12 ബില്യണ്‍ യുഎസ് ഡോളറുമായിരുന്നു.

അതേവര്‍ഷം അമേരിക്കയിലേക്കുള്ള രാജ്യത്തിന്റെ സേവന കയറ്റുമതി 36.33 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 29.86 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 

Tags:    

Similar News