പുകയില വിരുദ്ധ മുന്നറിയിപ്പ്: സ്ട്രീമിംഗ് കമ്പനികള്‍ നിയമ പോരാട്ടത്തിന്

  • തിയേറ്ററുകളില്‍ മാത്രമല്ല, ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധ പരസ്യം പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്
  • നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ഡിസ്‌നി, വയാകോം18 കമ്പനികളുടെ എക്‌സിക്യൂട്ടീവുമാര്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി
  • നിയമം നടപ്പാക്കണമെങ്കില്‍ ഒടിടി കമ്പനികള്‍ക്ക് നിലവിലുള്ള വെബ് കണ്ടന്റ് എഡിറ്റ് ചെയ്യേണ്ടി വരും

Update: 2023-06-03 09:34 GMT

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ഒരിടത്തു ചാരം ഒരിടത്തു പുക...

പ്രശസ്തമായ ഒരു പരസ്യത്തിന്റെ ആദ്യ വരികളാണിത്. 2008-ല്‍ ആരോഗ്യ സാമൂഹ്യ മന്ത്രാലയം തയാറാക്കിയ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പുകവലി വിരുദ്ധ പരസ്യം നമ്മളില്‍ ഭൂരിഭാഗവും കണ്ടിരിക്കുന്നത് സിനിമ തിയേറ്ററില്‍ ഷോ ആരംഭിക്കുന്നതിനു മുന്‍പും ഇടവേളയ്ക്കുമൊക്കെയാണ്.

ഇനി മുതല്‍ തിയേറ്ററുകളില്‍ മാത്രമല്ല, ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധ പരസ്യം പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്ന് ഈയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്.

ഇന്ത്യയുടെ പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ പുകവലി രംഗങ്ങളില്‍ സ്ഥിരമായ ആരോഗ്യ മുന്നറിയിപ്പ് നല്‍കണമെന്നാണ് ആരോഗ്യ മന്ത്രാലയം ലോക പുകയില വിരുദ്ധ ദിനമായ 2023 മെയ് 31ന് ഉത്തരവിട്ടത്. മാത്രമല്ല,

ഓരോ പ്രോഗ്രാമിന്റെയും തുടക്കത്തിലും മധ്യത്തിലും ഒരു ഓഡിയോ വിഷ്വല്‍ ഉള്‍പ്പെടെ കുറഞ്ഞത് 50 സെക്കന്‍ഡ് പുകയില വിരുദ്ധ സന്ദേശവും പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്റ്റ്‌സ് ആക്ട് 2004 റൂള്‍സ് പ്രകാരമാണ് ഉത്തരവ്.

എന്നാല്‍ ഈ പുതിയ ഉത്തരവ് നടപ്പാക്കുന്നതില്‍ നെറ്റ്ഫ്‌ളിക്‌സും, ഡിസ്‌നിയും, ആമസോണും, വയാകോ18-ും അസംതൃപ്തരാണ്. പുകയില വിരുദ്ധ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് യൂസര്‍ എക്‌സ്പീരിയന്‍സിനെ ദോഷകരമായി ബാധിക്കുമെന്നും ഇത് യൂറോപ്പിലെ പ്രൊഡക്ഷന്‍ ഹൗസുകളെ അവരുടെ കണ്ടന്റ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുമെന്നും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞു. മാത്രമല്ല, ഈ നിയമം നടപ്പാക്കണമെങ്കില്‍ ഒടിടി കമ്പനികള്‍ക്ക് നിലവിലുള്ള വെബ് കണ്ടന്റ് എഡിറ്റ് ചെയ്യേണ്ടി വരും. ദശലക്ഷക്കണക്കിന് മണിക്കൂര്‍ അതിനായി വേണ്ടി വരുമെന്നും അവര്‍ പറയുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തെ നിയമപരമായി നേരിടാനുള്ള സാധ്യത ഒടിടി കമ്പനികള്‍ ആരായുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ സിനിമാശാലകളിലും ടിവിയിലും പ്രദര്‍ശനത്തിനിടെ പുകവലി, മദ്യപാന രംഗങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആരോഗ്യ മുന്നറിയിപ്പുകള്‍ വേണമെന്നാണ് നിയമം. എന്നാല്‍ സ്ട്രീമിംഗ് സേവനദാതാക്കള്‍ക്ക് ഇതുവരെ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമീപകാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ജനകീയമായതോടെ നിയമം ഒടിടിയിലേക്കും നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.

കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ഡിസ്‌നി, വയാകോം18 തുടങ്ങിയ ഒടിടി കമ്പനികളുടെ എക്‌സിക്യൂട്ടീവുമാര്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പുകയില വിരുദ്ധ മുന്നറിയിപ്പ് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്ന മൂന്ന് മാസത്തിനുള്ളില്‍ അവ ഒടിടി ഷോകളിലും സിനിമകളിലും എഡിറ്റ് ചെയ്ത് ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായം. ഈ സാഹചര്യത്തില്‍ നിയമപരമായി ഉത്തരവിനെ നേരിടേണ്ടി വരുമെന്ന നിലപാടും ചര്‍ച്ചയില്‍ ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.

പുകവലി രംഗങ്ങളില്‍ നിര്‍ബന്ധിത പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് 2013-ല്‍ വുഡി അലന്‍ തന്റെ ചിത്രമായ ബ്ലൂ ജാസ്മിന്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവച്ചിരുന്നു.

Tags:    

Similar News