എഐ വൈദഗ്ധ്യം അതിവേഗം വളരുന്ന 5 രാജ്യങ്ങളില്‍ ഇന്ത്യയും

  • ഏഴ് വർഷത്തിനിടെ ഇന്ത്യയിലെ എഐ പ്രതിഭകളുടെ എണ്ണം 14 മടങ്ങ് ഉയര്‍ന്നെന്ന് ലിങ്ക്ഡ്ഇന്‍
  • പ്രൊഫൈലുകളില്‍ എഐ വൈദഗ്ധ്യം കൂട്ടിച്ചേര്‍ക്കുന്നവരുടെ എണ്ണം ഇരട്ടിയായി
;

Update: 2023-08-24 08:38 GMT
india among top 5 fastest growing ai skills | artificial intelligence | linkedin ai courses
  • whatsapp icon

ആർട്ടിഫിഷ്യൽ ഇന്റലിജൻസില്‍ (എഐ) വൈദഗ്ധ്യം ഉണ്ടെന്ന് വ്യക്തമാക്കുന്ന ലിങ്ക്ഡിൻ പ്രൊഫൈലുകളുടെ എണ്ണം കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യയിൽ 14 മടങ്ങ് വർധിച്ചു. എഐ പ്രതിഭകളുടെ എണ്ണം അതിവേഗം വളരുന്ന ലോകത്തെ ആദ്യത്തെ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉള്‍പ്പെടുത്തിയതായും പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിൻ പ്രഖ്യാപിച്ചു. 'ഫ്യൂച്ചർ ഓഫ് വർക്ക്: സ്റ്റേറ്റ് ഓഫ് വർക്ക് @ എഐ' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. 

ഇന്ത്യക്കു പുറമേ സിംഗപ്പൂർ, ഫിൻലാൻഡ്, അയർലൻഡ്, കാനഡ എന്നീ രാജ്യങ്ങളും എഐ നൈപുണ്യം സ്വായത്തമാക്കുന്നതിന്‍റെ വേഗതയില്‍ മുന്നിലാണ്. ടെക്നോളജിക്ക് അപ്പുറം റീട്ടെയിൽ, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ എന്നിങ്ങനെയുള്ള വ്യവസായങ്ങളിലും  എഐ പരിവര്‍ത്തനം വളരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, ഇന്ത്യയിലെ പ്രൊഫൈലുകളുടെ 43 ശതമാനം തങ്ങളുടെ സ്ഥാപനങ്ങളിൽ എഐ ഉപയോഗം വർധിക്കുന്നതായി കാണുന്നു. ഇത് തൊഴിലാളികളിൽ 60 ശതമാനത്തെ തങ്ങളുടെ കരിയർ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് എഐ വൈദഗ്ധ്യം സഹായിക്കുമെന്ന് തിരിച്ചറിയാൻ പ്രേരിപ്പിച്ചു. ജെന്‍ ഇസഡ് എന്ന് വിളിക്കപ്പെടുന്ന പ്രൊഫഷണലുകളില്‍ 70 ശതമാനവും എഐ വൈദഗ്ധ്യത്തിന്‍റെ പ്രാധാന്യം തിരിച്ചറിയുന്നവരാണ്. 

25 രാജ്യങ്ങളിലെ പ്രൊഫഷണലുകളില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.  ജനപ്രിയ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട ശേഷം  പ്രൊഫൈലുകളിൽ എഐ കഴിവുകൾ കൂട്ടിച്ചേര്‍ത്തിട്ടുള്ള ലിങ്ക്ഡ്ഇൻ അംഗങ്ങളുടെ വിഹിതം ഏകദേശം ഇരട്ടിയായി. 2022 മേയ് - നവംബര്‍ കാലയളവിലെ 7.7 ശതമാനത്തില്‍ നിന്ന് ഇത് 2022 നവംബര്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇരട്ടിയായി. 

എഐ-യുമായി ബന്ധപ്പെട്ട് സർഗ്ഗാത്മകത, ആശയവിനിമയം തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകൾക്കുള്ള പ്രാധാന്യം ഇന്ത്യയിൽ കൂടുതലായി തിരിച്ചറിയപ്പെടുന്നുണ്ട്. മുൻനിര എക്സിക്യൂട്ടീവുകളില്‍  91 ശതമാനം  എഐ വൈദഗ്ധ്യങ്ങളുടെ വർദ്ധിച്ച പ്രാധാന്യം തിരിച്ചറിയുന്നു. ഇത് ആഗോള ശരാശരിയായ 72 ശതമാനത്തേക്കാള്‍ കൂടുതലാണ്. 

Tags:    

Similar News