'അടുക്കളക്കാര്യം' അത്ര ശുഭകരമല്ല; 10ല്‍ ആറ് കുടുംബങ്ങളുടേയും വരുമാനമിടിഞ്ഞെന്ന് സര്‍വേ

  • 309 ജില്ലകളില്‍ നിന്നുമായി ഏകദേശം 37,000 പേരുടെ ഇടയിലാണ് സര്‍വേ നടത്തിയത്.
  • കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൃത്യമായ സേവിംഗ്‌സ് നിക്ഷേപം നടത്താന്‍ പോലും നല്ലൊരു വിഭാഗം സാധാരണക്കാര്‍ക്കും സാധിച്ചിട്ടില്ല.

Update: 2023-01-30 09:22 GMT

ഡെല്‍ഹി: കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കരകയറാന്‍ തുടങ്ങി ഏതാനും മാസത്തിനകം തന്നെ പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ രാജ്യത്തെ സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. സമസ്ത മേഖലയിലും മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സാധാരണക്കാരന്റെ ജീവിതം സുഗമമാണോ എന്നതാണ് പ്രസക്തമായ ചോദ്യം.

എന്നാല്‍ ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുകയാണ് രാജ്യത്തെ കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയയില്‍ ഒന്നായ ലോക്കല്‍ സര്‍ക്കിള്‍സ് പുറത്ത് വിട്ട 'മൂഡ് ഓഫ് ദ കണ്‍സ്യൂമര്‍ സര്‍വേ 2023' റിപ്പോര്‍ട്ട്. ഇതു പ്രകാരം രാജ്യത്തെ 10 കുടുംബങ്ങളെ എടുത്താല്‍ ആറ് കുടുംബങ്ങളുടേയും വരുമാനം കുറയുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൃത്യമായ സേവിംഗ്‌സ് നിക്ഷേപം നടത്താന്‍ പോലും നല്ലൊരു വിഭാഗം സാധാരണക്കാര്‍ക്കും സാധിച്ചിട്ടില്ല.

സാധാരണക്കാരുടെ വരുമാനം, സേവിംഗ്‌സ് എന്നിവയുടെ തല്‍സ്ഥിതി മനസിലാക്കുന്നതിനായി 309 ജില്ലകളില്‍ നിന്നുമായി ഏകദേശം 37,000 പേരുടെ ഇടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ പങ്കെടുത്ത

56 ശതമാനം പേരും കുടുംബത്തിലെ വരുമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയതായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ നേരിയ തോതില്‍ വരുമാനം വര്‍ധിച്ചുവെന്ന് 19 ശതമാനം ആളുകള്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ 12 മാസത്തിനിടയിലെ കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ ദിനംപ്രതി വാങ്ങുന്ന ഉത്പന്നങ്ങളായ പച്ചക്കറി, ധാന്യങ്ങള്‍, എണ്ണ, പാല്‍, തുടങ്ങിയവയുടെയൊക്കെ വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇവയ്ക്ക് പുറമേ മറ്റ് ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും ചെലവില്‍ വന്ന വര്‍ധന സാധാരണ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ഒന്നല്ല.

ഡിസംബറിലെ കണക്കുകള്‍ നോക്കിയാല്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തില്‍ നിന്നും 4.95 ശതമാനമായി കുറയുകയും, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.72 ശതമാനമായി കുറയുകയും ചെയ്തുവെങ്കിലും ഇത് ആശ്വാസകരമായ രീതിയില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രതിഫലിച്ചിട്ടില്ല എന്നതാണ് സത്യം.

ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 64 ശതമാനം പേര്‍ പുരുഷന്മാരും 36 ശതമാനം പേര്‍ സ്ത്രീകളുമാണ്. വിലക്കയറ്റത്തിനൊപ്പം തന്നെ ഇപ്പോള്‍ നിലനില്‍ക്കുന്ന കൂട്ടപ്പിരിച്ചുവിടലുകളും സാധാരണ കുടുംബങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഖ്യാതിയുള്ള കോര്‍പ്പറേറ്റുകളില്‍ മാത്രമല്ല ചെറു സംരംഭങ്ങളിലുള്‍പ്പടെ ആളുകളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുന്നതായി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സെയില്‍സ്, കസ്റ്റമര്‍ സര്‍വീസ്, ഹോം ഡെലിവറി തുടങ്ങിയ ചെറു തസ്തികയില്‍ ഉള്ളവരുടെ ജോലിയാണ് നഷ്ടമാകുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൃത്യമായി താഴേ തട്ടിലുള്ള ആളുകളിലേക്ക് എത്താത്തതും ഇവര്‍ നേരിടുന്ന വലിയ തിരിച്ചടിയാണ്.

Tags:    

Similar News