ജാപ്പനീസ് കമ്പനികള്‍ക്കായി ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തണം: സുഗ

  • ഇന്ത്യ-ജപ്പാന്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തും
  • ജാപ്പനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍നിന്നും നിരവധി ഓഫറുകള്‍
  • അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് നിക്ഷേപ പ്രവാഹം

Update: 2023-07-06 11:26 GMT

ജപ്പാനില്‍ നിന്നുള്ള കമ്പനികള്‍ക്കായി ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ വെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്ന് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ വ്യാഴാഴ്ച പറഞ്ഞു.'ജാപ്പനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍നിന്ന്് നിരവധി ബിസിനസ് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഞാന്‍ പ്രധാനമന്ത്രി മോദിയെ ധരിപ്പിക്കും. നിലവിലുള്ള ബിസിനസ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുസംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തും ' വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വ്യവസായ സ്ഥാപനമായ സിഐഐ സംഘടിപ്പിച്ച മറ്റൊരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ജാപ്പനീസ് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് പറഞ്ഞു.

ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ ജാപ്പനീസ് കമ്പനികള്‍ ഇവിടെയെത്തും. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകും.

ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തില്‍ പൊതു-സ്വകാര്യ മേഖലകളുമായി ജപ്പാന്‍ പൂര്‍ണ ധാരണയിലാണെന്ന് അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ വര്‍ഷം, ജാപ്പനീസ് സര്‍ക്കാര്‍ സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് പൊതു-സ്വകാര്യ നിക്ഷേപത്തിലും വായ്പയിലും അഞ്ച്ട്രില്യണ്‍ യെന്‍ എന്ന ലക്ഷ്യം വെച്ചിരുന്നു' സുഗ പറഞ്ഞു.

ചൈനയുമായി നിലവിലുള്ള തര്‍ക്കങ്ങള്‍കാരണം ജപ്പാന്‍ ഇന്ത്യയുമായി അടുത്ത സഹകരണമാണ് ആഗ്രഹിക്കുന്നത്. ജപ്പാന്റെ അധീനതയിലുള്ള ദ്വീപ സമൂഹങ്ങള്‍ക്കുമേല്‍ ചൈന അവകാശവാദമുന്നയിക്കുകയും അത് പലപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാക്കുകയും ചെയ്യുന്നു. ഈ തര്‍ക്കം ക്രമേണ മറ്റ് പലമേഖലകളിലേക്കും കടന്നു. സ്വാഭാവികമായും ജപ്പാന്‍ യുഎസ് പക്ഷത്ത് ഇടം പിടിച്ചു.

ഇന്ത്യയുടെ ഇതിര്‍ത്തി പ്രദേശങ്ങളും അരുണാചല്‍ പ്രദേശും ലക്ഷ്യമിടുന്ന ചൈനീസ് നടപടി അതിര്‍ത്തില്‍ നിരവധി തവണ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. കൂടാതെ അന്ത്രാരാഷ്ട്ര വേദികളില്‍ എപ്പോഴും ഇന്ത്യക്കെതിരായ നിലപാട് സ്വീകരിച്ച ചൈന ഇന്ത്യയെ എന്നും ശത്രുവായി കാണുന്നു. ഈ സാമ്യമാണ് ഇന്ത്യയെയും ജപ്പാനെയും കൂടുതല്‍ സഹകരണത്തിലേക്ക് നയിച്ചത്. ചൈനീസ് നിക്ഷേപ പദ്ധതികള്‍ പലതും ഇന്ത്യ തള്ളിക്കളഞ്ഞു. ബെയ്ജിംഗിന്റെ അഭിമാന പ്രോജക്ടായ ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റീവ് ഇന്ത്യ തള്ളിക്കളഞ്ഞു. എന്നാല്‍ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും ശ്രീലങ്കയെയും മറ്റും ഉള്‍പ്പെടുത്തി പ്രോജക്ടുമായി ബെയ്ജിംഗ് മുന്നോട്ടുപോയി. എന്നാല്‍ ഇതിലെ ചതി ഇന്ത്യ മനസിലാക്കിയിരുന്നു.

പ്രധാനമായും അടിസ്ഥാന സൗകര്യ വികസന മേഖലയിലാണ് ചൈന ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. എന്നാല്‍ ഇതിനായി നല്‍കുന്ന തുകയ്ക്ക് അമിത പലിശ അവര്‍ ഈടാക്കിയിരുന്നു.കടം നല്‍കിയതുകകള്‍ ആകട്ടെ വളരെ വലുതും. ഇവിടെ രാജ്യങ്ങള്‍ കടക്കെണിയില്‍ ആകാന്‍ തുടങ്ങി. ഇന്ത്യയും ജപ്പാനും പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് അന്തരിച്ച പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കാലത്ത് ഉഭയകക്ഷി സഹകരണം അതിന്റെ ഏറ്റവും ഉന്നതിയിലെത്തി.

ഇനിയും കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

Tags:    

Similar News