കേന്ദ്ര ബാങ്കുകള്‍ക്കിത് നിര്‍ണായക വാരം; നിരക്ക് വര്‍ധനയ്ക്ക് തയാറെടുത്ത് ഫെഡ് റിസര്‍വ്
- യൂറോപ്യന്‍ കേന്ദ്ര ബാങ്കും പലിശ നിരക്ക് ഉയര്‍ത്തിയേക്കും
- അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത് ഭാവിയിലെ നിരക്കു വര്‍ധന സംബന്ധിച്ച വീക്ഷണത്തിന്
- ജപ്പാന്‍റെ ധനനയ പ്രഖ്യാപനവും ഈ വാരത്തില്‍
ആഗോള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായൊരു വാരമാണ് വരുന്നത്. അതില്‍ ഏറ്റവും പ്രധാനം പലിശ നിരക്കു സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വ് എന്തു തീരുമാനം എടുക്കുമെന്ന ആകാംക്ഷയാണ്. കഴിഞ്ഞ ധനനയ അവലോകനത്തില്‍ പലിശ നിരക്ക് വര്‍ധനയ്ക്ക് താല്‍ക്കാലികമായി വിരാമമിട്ട യുഎസ് കേന്ദ്രബാങ്ക് ഇത്തവണ പലിശ നിരക്ക് വര്‍ധനയിലേക്ക് നീങ്ങുമെന്നാണ് ഭൂരിഭാഗം അനലിസ്റ്റുകളും പ്രതീക്ഷിക്കുന്നത്. ഫെഡ് അധികൃതരില്‍ നിന്നു വന്നിട്ടുള്ള സൂചനകളും അപ്രകാരമാണ്.
പണപ്പെരുപ്പ നിരക്ക് മയപ്പെട്ടുവെങ്കിലും ലക്ഷ്യമിടുന്ന പരിധിക്ക് അടുത്തേക്ക് എത്തിക്കുന്നതിന് ഈ വര്‍ഷം രണ്ടു തവണ കൂടി പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നാണ് ഫെഡ് റിസര്‍വ് ജെറോം പൗവ്വല്‍ വിശദീകരിച്ചിട്ടുള്ളത്. ഇത്തവണ 25 ബേസിസ് പോയിന്‍റ് വര്‍ധന പലിശ നിരക്കില്‍ പ്രഖ്യാപിക്കുമെന്ന് ഏറക്കുറേ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍, ഭാവിയിലെ നിരക്ക് സംബന്ധിച്ച വീക്ഷണം എന്തായിരിക്കുമെന്നാണ് പ്രധാനമായും അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്.
യൂറേപ്പ്യന്‍ കേന്ദ്രബാങ്കും (ഇസിബി) ഈ വാരം 25 ബേസിസ് പോയിന്‍റിന്‍റെ വര്‍ധന പലിശ നിരക്കില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതക്ഷിക്കുന്നത്. പണപ്പെരുപ്പം വലിയ ആശങ്കയായി തുടരുന്നതായി ഇസിബി പ്രസിഡന്‍റ് ക്രിസ്റ്റിന്‍ ലഗാര്‍ഡെയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ജപ്പാനാണ് ഈ ആഴ്ചയില്‍ ധനനയം പ്രഖ്യാപിക്കുന്ന മറ്റൊരു പ്രധാന കേന്ദ്ര ബാങ്ക്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി കണക്കാക്കുന്ന ജപ്പാനില്‍ പണപ്പെരുപ്പ നിരക്ക് ലക്ഷ്യമിടുന്ന പരിധിയായ 2 ശതമാനത്തിന് മുകളിലാണെങ്കിലും പലിശ നിരക്കില്‍ മാറ്റം വരാനിടയില്ലെന്നാണ് 80 ശതമാനം അനലിസ്റ്റുകളും വിലയിരുത്തുന്നത്.
ബുധനാഴ്ചയാണ് ഫെഡ് റിസര്‍വ് തങ്ങളുടെ പുതിയ നിരക്ക് നയം പ്രഖ്യാപിക്കുന്നത്. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി 5.25 ശതമാനം-5.5 ശതമാനം ശ്രേണിയിലേക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, ഇത് കഴിഞ്ഞ 16 മാസങ്ങള്‍ക്കിടെ ഫെഡ് റിസര്‍വ് നടപ്പിലാക്കുന്ന 11-ാമത്തെ വർദ്ധനവാകും.
ജൂൺ മധ്യത്തോടെ നടന്ന ധനനയ അവലോകന യോഗത്തിനു ശേഷം പുറത്തുവന്ന സമ്മിശ്രമായ സാമ്പത്തിക ഡാറ്റകള്‍ ഭാവിയിലെ നിരക്ക് വര്‍ധന സംബന്ധിച്ച ഫെഡ് റിസര്‍വിലെ ആഭ്യന്തര ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുമെന്നാണ് ബ്ലൂംബെര്‍ഗിലെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പല സമിതി അംഗങ്ങളും ഈ വർഷം ഒരു നിരക്ക് വർധനവ് കൂടി വേണമെന്ന പക്ഷക്കാരാണ്. എന്നാൽ ജൂണിലെ മൃദുവായ പണപ്പെരുപ്പ ഡാറ്റ അവരുടെ ബോധ്യത്തെ ദുർബലപ്പെടുത്തിയിരിക്കാം.
കഴിഞ്ഞ ജൂലൈ മുതലുള്ള കാലയളവില്‍ 400 ബേസിസ് പോയിന്‍റുകളുടെ വര്‍ധനയാണ് ഇസിബി അടിസ്ഥാന പലിശ നിരക്കുകളില്‍ വരുത്തിയിട്ടുള്ളത്. 25 വര്‍ഷക്കാലയളവിനിടെ ഇസിബി നടപ്പാക്കിയ ഏറ്റവും ശക്തമായ ധനനയം കടുപ്പിക്കലാണിത്. ജൂലൈയിലും സെപ്റ്റംബറിലും നിരക്ക് വര്‍ധന പ്രഖ്യാപിച്ച് ബെഞ്ച് മാര്‍ക്ക് 4 ശതമാനത്തില്‍ എത്തിച്ച ശേഷം മാത്രമാകും നിരക്കു വര്‍ധനയുടെ സൈക്കിള്‍ ഇസിബി അവസാനിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 27 വ്യാഴാഴ്ചയാണ് ഇസിബി ധനനയം പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്ച ബാങ്ക് ഓഫ് ജപ്പാന്‍റെ ധനനയവും പുറത്തുവരും.