അദാനിക്കെതിരായ ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: മെയ് 12ന് സുപ്രിംകോടതി ഹരജി പരിഗണിക്കും
അദാനിയ്ക്ക് എതിരായ ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് മെയ് 12 ന് പരിഗണിക്കുമെന്ന് സുപ്രിംകോടതി. മാര്‍ച്ച് രണ്ടിനാണ് അദാനി ഗ്രൂപ്പ് ഓഹരി വിലയില്‍ കൃത്രിമത്വം നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ രണ്ട് മാസം കൂടി സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടത്. ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുെട വിപണി മൂല്യത്തില്‍ 140 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്നത് പരിശോധിക്കാന്‍ സുപ്രിംകോടതി ഒരു പാനലും രൂപീകരിച്ചിരുന്നു. ഈ ഹരജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ,ജെ ബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. മുന്‍ ജഡ്ജി ജസ്റ്റിസ് എഎം സാപ്രേ അധ്യക്ഷനായ ആറംഗ കമ്മിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഹരജി പരിഗണിക്കുന്നതില്‍ പ്രാധാന്യത്തോടെയാണ് ബിസിനസ് ലോകം കാണുന്നത്.
അദാനി ഗ്രൂപ്പിന്റെ സ്റ്റോക്ക് വില കൃത്രിമം സംബന്ധിച്ച ആരോപണങ്ങളും റെഗുലേറ്ററി വെളിപ്പെടുത്തലിലെ വീഴ്ചകളും സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സെബി സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.