500 ബില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാന്‍ ഗുജറാത്ത്

  • ദേശീയ ജിഡിപിയുടെ 8.3 ശതമാനം സംഭാവന ചെയ്യുന്നത് ഗുജറാത്താണ്
  • വളര്‍ന്നുവരുന്ന മേഖലകളെയും സാങ്കേതിക വിദ്യകളെയും സംസ്ഥാനം ഉള്‍ക്കൊള്ളുന്നു
  • വന്‍ നിക്ഷേപം പ്രതീക്ഷിച്ച് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി

Update: 2024-01-09 07:32 GMT

2026-27 ഓടെ ഇന്ത്യയുടെ ജിഡിപിയിലേക്ക് 10 ശതമാനം സംഭാവന നല്‍കാനും 500 ബില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാനും ഗുജറാത്ത് തയ്യചാറെടുക്കുകയായണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. നിലവില്‍, രാജ്യത്തെ അഞ്ച് ശതമാനം ജനസംഖ്യയുള്ള ഗുജറാത്ത്, ദേശീയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 8.3 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. മുന്‍ വര്‍ഷം, ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 33 ശതമാനവും സംസ്ഥാനത്തുനിന്നായിരുന്നുവെന്നും പട്ടേല്‍ പറഞ്ഞു.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിക്ക് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

അര്‍ദ്ധചാലകങ്ങള്‍, പുനരുപയോഗ ഊര്‍ജം, ഇലക്ട്രിക് വാഹനങ്ങള്‍, ഗ്രീന്‍ ഹൈഡ്രജന്‍, എയ്റോസ്പേസ്, പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്മാര്‍ട്ട് ഗ്രീന്‍ഫീല്‍ഡ് സിറ്റികള്‍ തുടങ്ങി പുതിയതും വളര്‍ന്നുവരുന്നതുമായ മേഖലകളെ ഉള്‍ക്കൊള്ളുന്നതാണ് ഗുജറാത്തിന്റെ ഭാവി പദ്ധതികള്‍.

ടെക്സ്‌റ്റൈല്‍സ്, കെമിക്കല്‍സ്, പെട്രോകെമിക്കല്‍സ്, ജെംസ് ആന്‍ഡ് ജ്വല്ലറി, സെറാമിക്സ് തുടങ്ങിയ മേഖലകളില്‍ മുന്നിട്ടുനില്‍ക്കുന്നതിനു പുറമേ, ഗുജറാത്ത് ഓട്ടോമൊബൈല്‍ മേഖലയുടെ കേന്ദ്രമായും ഉയര്‍ന്നു, രാജ്യത്തിന്റെ സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവെന്നും പരട്ടേല്‍ വിശദീകരിച്ചു.

'ശക്തമായ ആഗോള ബന്ധവും വൈവിധ്യമാര്‍ന്ന ജിഎസ്ഡിപിയും നമ്മുടെ സമ്പദ്വ്യവസ്ഥയെ അസാധാരണമായ പ്രതിരോധശേഷിയുള്ളതാക്കുന്നു. ഇന്ത്യയുടെ ജിഡിപിയിലേക്ക് 10 ശതമാനം സംഭാവന നല്‍കാനും 2026-27 ഓടെ 500 ബില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു,' ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുന്നതില്‍ ഗുജറാത്തിന്റെ സംഭാവന എന്തായിരിക്കുമെന്ന ചോദ്യത്തിന് മറുപടിയായി പട്ടേല്‍ പറഞ്ഞു.

നിലവിലെ സാമ്പത്തിക ഭൂപ്രകൃതിയെ നിര്‍വചിക്കുക മാത്രമല്ല, ആഗോള ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്ന മേഖലകളിലാണ് സംസ്ഥാനം തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അര്‍ദ്ധചാലകങ്ങള്‍, ഗ്രീന്‍ ഹൈഡ്രജന്‍, വൈദ്യുത വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജം, ധനകാര്യ സേവന വ്യവസായം തുടങ്ങിയ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളിലെ തന്ത്രപരമായ വികസനം ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പുരോഗതിയുടെ പ്രധാന ഉദാഹരണങ്ങളാണ്, മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികസിത് ഭാരത് @2047' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ ഗുജറാത്ത് നിര്‍ണായക പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് സംസ്ഥാനത്തെ മാറ്റിമറിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉച്ചകോടിയുടെ മുമ്പു നടന്ന ഒന്‍പതു പതിപ്പുകള്‍ ഗുജറാത്തിനെ ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തി. 2002-03 ലെ 17.7 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2022-23 ല്‍ 282 ബില്യണ്‍ ഡോളറായി ജിഎസ്ഡിപിയില്‍ 16 മടങ്ങ് വര്‍ധനവ് ഗുജറാത്തിന് ഉണ്ടായിട്ടുണ്ട്.

ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും നിക്ഷേപസൗഹൃദ സമീപനവും ശക്തമായ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്തെ ഇന്ത്യന്‍, ആഗോള കമ്പനികളുടെ ഇഷ്ടപ്പെട്ട നിക്ഷേപ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News