ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം; പാക്കേജ് തേടി ഐടി മന്ത്രാലയം

  • 40,000 കോടി രൂപയുടെ പാക്കേജിനാണ് മന്ത്രിസഭയുടെ അംഗീകാരം തേടുന്നത്
  • ഇന്ത്യയിലെ ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം 2030 ആകുമ്പോഴേക്കും 240 ബില്യണ്‍ ഡോളറായി ഉയരും
  • സ്‌കീമില്‍ ആകെ ഏകദേശം 82,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്
;

Update: 2024-11-29 04:37 GMT
it ministry seeks approval for electronics manufacturing package
  • whatsapp icon

ഇലക്ട്രോണിക് ഘടകങ്ങളുടെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി പാക്കേജിന് അംഗീകാരം തേടി ഐടി മന്ത്രാലയം. 40,000 കോടി രൂപയുടെ പാക്കേജിനാണ് അടുത്ത മാസം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം തേടുക. അര്‍ദ്ധചാലക ഇതര മേഖലകളെ ലക്ഷ്യമിടുന്നതാണ് പദ്ധതി. നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ പദ്ധതിക്ക് കീഴിലുള്ള നിക്ഷേപങ്ങള്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ആരംഭിക്കാനാകും.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം 2023 ല്‍ 45.5 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇത് 2030 ആകുമ്പോഴേക്കും 240 ബില്യണ്‍ ഡോളറായി വളരുമെന്ന് കണക്കാക്കപ്പെടുന്നു. സ്‌കീമിന്റെ കാലയളവില്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തില്‍ പ്രാദേശിക മൂല്യവര്‍ദ്ധനവ് 35-40% ആക്കി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത്തരം പ്രോഗ്രാമുകള്‍ സാധാരണയായി അഞ്ച് വര്‍ഷത്തേക്കാണ് നടപ്പാക്കുന്നത്.

പദ്ധതി ആരംഭിച്ചതിന് ശേഷം സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അന്തിമ ചര്‍ച്ചകള്‍ നടത്തിവരികയാണ്. സ്‌കീമില്‍ ആകെ ഏകദേശം 82,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ കാലാവധിയില്‍ 1.9-2.0 ലക്ഷം കോടി രൂപയുടെ ഘടകങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

മൊബൈല്‍ ഫോണുകളുടെയും ആത്യന്തികമായി ഐടി ഹാര്‍ഡ്വെയറിന്റെയും അതിവേഗ നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിലവിലുള്ള രണ്ട് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമുകള്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പ്രാദേശിക അസംബ്ലിയെയാണ് പിന്തുണയ്ക്കുന്നത്.

ഡിസംബറില്‍ പദ്ധതി അംഗീകരിക്കപ്പെടുകയാണെങ്കില്‍, സാധ്യതയുള്ള ഉപഭോക്താക്കളെയും സാങ്കേതിക പങ്കാളികളെയും കണ്ടെത്താന്‍ കമ്പനികള്‍ക്ക് ഏകദേശം 90 ദിവസം ലഭിക്കും.

തായ്വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളുമായുള്ള സംയുക്ത ഉടമ്പടിയുടെ വേഗത്തിലുള്ള അംഗീകാരത്തിനായും വ്യവസായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News