ജിഡിപി വളര്‍ച്ചയ്ക്ക് എല്ലാ മേഖലകളില്‍ നിന്നും സംഭാവന: നിര്‍മ്മല സീതാരാമന്‍
രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ എല്ലാ മേഖലകളും ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്നും, അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയുടെ വേഗത നിലനിര്‍ത്തുന്നത് ഇന്ത്യ തുടരുകയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യസഭയില്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഹ്രസ്വകാല ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. 2014 മെയ് മുതലുള്ള മോദി സര്‍ക്കാരിന്റെ വിവിധ നേട്ടങ്ങളും മന്ത്രി എടുത്തുപറഞ്ഞു.
'രണ്ടാം പാദത്തിലെ വളര്‍ച്ച വളരെ ഉയര്‍ന്നതാണ്, ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്നതിന്റെ ആക്കം ഞങ്ങള്‍ തുടര്‍ച്ചയായി നിലനിര്‍ത്തുന്നു,' സീതാരാമന്‍ പറഞ്ഞു. 2014 ലെ 10ാം സ്ഥാനത്തില്‍ നിന്ന് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്നും അവര്‍ പറഞ്ഞു.
'മേക്ക്-ഇന്‍-ഇന്ത്യ പ്രോഗ്രാമും പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമും ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പിന്‍ബലത്തില്‍ ഉല്‍പ്പാദന മേഖലയും സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഉല്‍പ്പാദന കേന്ദ്രമാണ് ഇന്ത്യ. ഈ വര്‍ഷം നവംബര്‍ 9 വരെ പ്രത്യക്ഷ നികുതി പിരിവില്‍ 21.82 ശതമാനം വളര്‍ച്ചയുണ്ടായി. സാമ്പത്തിക വളര്‍ച്ചയുടെ സൂചനയായി പ്രതിമാസ ജിഎസ്ടി പിരിവ് 1.6 ലക്ഷം കോടി രൂപയില്‍ സ്ഥിരത കൈവരിച്ചു.' ധനമന്ത്രി സഭയെ അറിയിച്ചു.
തൊഴിലില്ലായ്മാ നിരക്ക് 2017-18 ലെ 17.8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ആളുകള്‍ 'മള്‍ട്ടി ഡൈമന്‍ഷണല്‍' ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി പറഞ്ഞ നിര്‍മല്ല, പണപ്പെരുപ്പം തടയാന്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
രാജ്യത്തെ വിലക്കയറ്റത്തില്‍ നിരവധി പ്രതിപക്ഷ അംഗങ്ങളും ആശങ്ക ഉന്നയിച്ചു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2022 ഏപ്രിലില്‍ 7.8 ശതമാനത്തിലെത്തി. എന്നിരുന്നാലും, ഇപ്പോള്‍ ഇത് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ നാല് ശതമാനത്തിന് അടുത്താണ്.