2000 രൂപ മാറാന്‍ തട്ടിപ്പ്? ആര്‍ബിഐ കൗണ്ടറിനു മുന്നില്‍ നാടകീയ രംഗങ്ങള്‍
- ചിലയിടങ്ങളിലെ ക്യൂവില്‍ ഭൂരിഭാഗം ആളുകളുടെ കൈയിലും കൃത്യം 10 നോട്ടുകള്‍
- തട്ടിപ്പ് പരിശോധിക്കാന്‍ ക്യൂവില്‍ പൊലീസ് പരിശോധന
- മഹാ ഭൂരിപക്ഷവും പണം അക്കൗണ്ടുകളിലിടാതെ മാറ്റിവാങ്ങുന്നു
വിനിമയത്തില്‍ നിന്ന് പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ടുകള്‍ കൈമാറുന്നതിന് ആര്‍ബിഐ ഓഫിസുകളില്‍ വലിയ തിരക്ക്. ബാങ്കുകളിലൂടെ ഈ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള അവസരം ഒക്റ്റോബര്‍ 7ന് അവസാനിച്ചതോടെയാണ് ഇത്. എന്നാല്‍ ഈ അവസരം കണക്കില്‍പ്പെടാത്ത പണം മാറ്റിയെടുക്കുന്നതിനുള്ള അവസരമാക്കി പലരും വിനിയോഗിക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒഡീഷ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ (ഇഒഡബ്ല്യു) ഉദ്യോഗസ്ഥർ ഭുവനേശ്വറിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൗണ്ടറിൽ ക്യൂ നിന്ന ആളുകളെ ചോദ്യം ചെയ്തു.
കൗതുകകരമായ പല വിവരങ്ങളും പൊലീസിന്‍റെ പരിശോധനയില്‍ വെളിപ്പെട്ടിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്നവരിൽ ഭൂരിഭാഗം ആളുകളുടെയും 2000 രൂപയുടെ 10 നോട്ടുകളാണ് ഉണ്ടായിരുന്നത്. മാറ്റിയെടുക്കുന്നതിന് അനുവദനീയമായ നോട്ടുകളുടെ പരിധിയാണിത്. ക്യൂവിൽ നിൽക്കുന്നവർ യഥാര്‍ത്ഥത്തില്‍ ആ പണത്തിന്‍റെ ഉടമകളാണോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടി പണം മാറ്റി നല്‍കുന്നതാണോ എന്നു സംശയിക്കാന്‍ കാരണങ്ങളുണ്ടെന്ന് ഇഒഡബ്ല്യു ഉദ്യോഗസ്ഥര്‍ പറയുന്നു. 2000 രൂപ നോട്ടുകള്‍ മാറി നല്‍കുന്നതിന് ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പണം മാറ്റിനല്‍കുന്നവര്‍ക്ക് 300 രൂപയാണ് കൂലിയായി നല്‍കുന്നതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭൂരിഭാഗവും അക്കൗണ്ടുകളിലേക്കല്ല
പൊലീസ് ക്യൂവില്‍ നില്‍ക്കുന്നവരുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിക്കുകയും തൊഴിലിനെ കുറിച്ച് ആരായുകയും ചെയ്തു. ആര്‍ബിഐ-യുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരു ദിവസത്തില്‍ മൊത്തം 2 കോടി രൂപ വരെ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഒരു ആര്‍ബിഐ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതില്‍ 95 ശതമാനവും മറ്റു നോട്ടുകളിലേക്ക് മാറ്റിയെടുക്കയാണ് ചെയ്യുന്നത്. വെറും അഞ്ച് ശതമാനം മാത്രമാണ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്നത്. രണ്ട് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് എന്ന വിശദീകരണം മാത്രമാണ് ആര്‍ബിഐ റീജ്യനല്‍ ഡയറക്റ്റര്‍ ഇതിന് നല്‍കുന്നത്.
: "ഇഒഡബ്ല്യു ഉദ്യോഗസ്ഥർ എന്നെ കണ്ടിട്ടില്ല. അവർ ക്യൂവിൽ എന്തെങ്കിലും അന്വേഷിക്കുന്നുണ്ടാകാം. ഏതെങ്കിലും അന്വേഷണ ഏജൻസി എന്തെങ്കിലും വിശദീകരണം തേടാൻ വന്നാൽ ഞങ്ങൾ പൂർണ്ണമായും സഹകരിക്കും," ആർബിഐ റീജിയണൽ ഡയറക്ടർ എസ്‍ പി മൊഹന്തി പറഞ്ഞു
തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ 19 കേന്ദ്രങ്ങളിലാണ് രണ്ടായിരത്തിന്‍റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ആര്‍ബിഐ ഇപ്പോള്‍ അവസരമൊരുക്കിയിട്ടുള്ളത്. നീണ്ട നേരം ക്യൂ നിന്ന പലരും ക്ഷുഭിതരാകുന്നതും പണം മാറ്റി വാങ്ങുന്നതിന് ഇടനിലക്കാരെ ഏല്‍പ്പിക്കുന്നതുമായ വാര്‍ത്തകള്‍ മറ്റ് കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. നിരോധന ഘട്ടത്തില്‍ വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 97 ശതമാനത്തില്‍ അധികവും ഇതിനകം തിരിച്ചെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.