സൊമാറ്റോയില്‍ ക്യാഷ് ഓണ്‍ ഡെലിവറിക്ക് നല്‍കുന്നത് 2000 രൂപയുടെ നോട്ടുകള്‍
- 2,000 രൂപ നോട്ടുകളുടെ പുറത്തു കിടക്കുന്ന ഡെലിവറി എക്സിക്യൂട്ടീവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൊമാറ്റോ ട്വീറ്റ് ചെയ്തത്
- മെയ് 19-ന് രാത്രിയായിരുന്നു 2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്
- ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സൊമാറ്റോ യുപിഐ (UPI) സേവനം ലോഞ്ച് ചെയ്തിരുന്നു.
;

2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചതോടെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം വാങ്ങാനും, പലചരക്ക് കടയില്‍ സാധനങ്ങള്‍ മേടിക്കാനും, പെട്രോള്‍ പമ്പുകളില്‍ വാഹനത്തിന് ഇന്ധനം നിറയ്ക്കാനുമായി ഭൂരിഭാഗം പേരും നല്‍കുന്നത് 2000 രൂപയുടെ കറന്‍സി നോട്ടുകളാണെന്നു മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
ഇപ്പോള്‍ ഇതാ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോയ്ക്ക് മെയ് 19നു ശേഷം ലഭിച്ച ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകളില്‍ 72 ശതമാനം കസ്റ്റമേഴ്‌സും നല്‍കിയത് 2000 രൂപയുടെ നോട്ടുകളാണെന്നതാണ് ആ വാര്‍ത്ത. ഇക്കാര്യം സൊമാറ്റോയുടെ ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ മെയ് 22-നാണ് കമ്പനി അറിയിച്ചത്.
2,000 രൂപ നോട്ടുകളുടെ പുറത്തു കിടക്കുന്ന ഒരു ഡെലിവറി എക്സിക്യൂട്ടീവിന്റെ രസകരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൊമാറ്റോ ട്വീറ്റ് ചെയ്തത്. കസ്റ്റമേഴ്‌സിന് പേയ്‌മെന്റുകള്‍ എളുപ്പമാക്കുന്നതിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സൊമാറ്റോ യുപിഐ (UPI) സേവനം ലോഞ്ച് ചെയ്തിരുന്നു. ഇത്രയും കാലം കസ്റ്റമേഴ്‌സിന് ഗൂഗിള്‍ പേ, പേടിഎം പോലുള്ള യുപിഐ ആപ്പുകളിലൂടെയായിരുന്നു പേയ്‌മെന്റ് നടത്താന്‍ സൗകര്യമുണ്ടായിരുന്നത്.
സൊമാറ്റോ, സ്വിഗ്ഗി ഉള്‍പ്പെടെയുള്ള ഫുഡ് ഡെലിവറി ആപ്പുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഡെലിവറി ചെയ്യുമ്പോള്‍ മാത്രം ക്യാഷ് നല്‍കുന്ന സംവിധാനമുണ്ട്. ഇത്തരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം പ്രയോജനപ്പെടുത്തുന്ന കസ്റ്റമേഴ്‌സിന്റെ എണ്ണം മെയ് 19-നു ശേഷം വര്‍ധിച്ചതായിട്ടാണ് സൊമാറ്റോ ഇപ്പോള്‍ പറയുന്നത്.
മെയ് 19-ന് രാത്രിയായിരുന്നു 2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.
2023 സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറിയെടുക്കാന്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പലരും ഏതുവിധേനെയും 2000 രൂപയുടെ നോട്ട് ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
അതേസമയം, 2,000 രൂപ നോട്ടിന്റെ ഉദ്ദേശ്യലക്ഷ്യം കഴിഞ്ഞതുകൊണ്ടാണ് അവ പിന്‍വലിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നാല് മാസത്തെ സമയമുണ്ടെന്നും ആളുകള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
2000 രൂപയുടെ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചു. കള്ളപ്പണം വെളുപ്പിക്കാന്‍ ഇത്തരം അക്കൗണ്ട് ഉടമകളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുള്ളതിനാലാണു നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. 2016-നവംബറില്‍ നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ഇത്തരം അക്കൗണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നിരുന്നു.
2000 രൂപയുടെ നോട്ടുകള്‍ ഇനി മുതല്‍ ബാങ്കുകളിലേക്ക് എത്തുന്നതോടെ രണ്ട് ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.