ക്ഷാമബത്ത 4 ശതമാനം വർധിച്ച് 42 ശതമാനമാകും
- ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയരും
- പുതുക്കിയ വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ ജനുവരി ഒന്ന് മുതൽ നടപ്പിലാക്കും
ഡെൽഹി : രാജ്യത്തെ ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ), കേന്ദ്ര സർക്കാർ 4 ശതമാനം വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയരും.
എല്ലാ മാസവും തൊഴിൽ മന്ത്രാലയത്തിന്റെ ഭാഗമായ ലേബർ ബ്യൂറോ പുറത്തിറക്കുന്ന വ്യവസായ തൊഴിലാളികൾക്കായുള്ള ഏറ്റവും പുതിയ സി പിഐയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകുന്നത്.
ജനുവരി 31 നാണ് 2022 ഡിസംബറിലെ വ്യാവസായിക തൊഴിലകൾക്കുള്ള ഉപഭോക്തൃ വില സൂചിക (സി പി ഐ) പുറത്തിറക്കിയത്. അത് പ്രകാരം ക്ഷാമബത്ത വർദ്ധന 4.23 ശതമാനമാണ്. എന്നാൽ സർക്കാർ 4 ശതമാനം വർധിപ്പിച്ച് 42 ശതമാനമാക്കി ഉയർത്താനാണ് സാധ്യതയെന്ന് ഓൾ ഇന്ത്യ റെയിൽവേമെൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവ ഗോപാൽ മിശ്ര പിടിഐയോട് പ്രതികരിച്ചു.
ക്ഷാമബത്ത വർധിപ്പിക്കുന്നതിനുള്ള നിർദേശം ധനമന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വകുപ്പ് രൂപീകരിക്കുമെന്നും ഇത് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പുതുക്കിയ വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ ജനുവരി ഒന്ന് മുതൽ നടപ്പിലാക്കും. 2022 സെപ്റ്റംബർ 28 നാണ് അവസാനമായി ക്ഷാമബത്ത വർധിപ്പിച്ചത്.
വിലക്കയറ്റം നികത്തുന്നതിനാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ നൽകുന്നത്. ജീവിതച്ചെലവ് ഒരു നിശ്ചിത കാലയളവിൽ വർദ്ധിക്കുകയും അത് സി പി ഐ വഴി പ്രതിഫലിക്കുകയും ചെയ്യുന്നു. ആനുകാലികമായി വർഷത്തിൽ രണ്ടു തവണയാണ് അലവൻസ് പരിഷ്കരിക്കുന്നത്. അലവൻസ് വർഷത്തിൽ രണ്ടുതവണ ആനുകാലികമായി പരിഷ്കരിക്കുന്നു.