എയര്‍ടെല്ലില്‍ ഭാരതി ടെലികോം ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു
- കമ്പനിയുടെ ഏകദേശം 1.2 ശതമാനം ഓഹരികളാണ് ഭാരതി ടെലികോം ഏറ്റെടുത്തത്
- ഏറ്റെടുത്ത ഓഹരികളുടെ മൂല്യം 11,680 കോടി രൂപയായി കണക്കാക്കുന്നു
ഭാരതി എയര്‍ടെല്ലിന്റെ പ്രൊമോട്ടറായ ഭാരതി ടെലികോം കമ്പനിയുടെ ഏകദേശം 1.2 ശതമാനം ഓഹരികള്‍ ഭാരതി കുടുംബത്തിന്റെ നിക്ഷേപ സ്ഥാപനമായ ഇന്ത്യന്‍ കോണ്ടിനെന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡില്‍ നിന്ന് വാങ്ങിയതായി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ഫയലിംഗില്‍ ഇടപാടിന്റെ പണ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ബിഎസ്ഇയില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി ക്ലോസിംഗ് വിലയായ 1,598.75 രൂപയെ അടിസ്ഥാനമാക്കി ഓഹരികളുടെ മൂല്യം 11,680 കോടി രൂപയായി കണക്കാക്കുന്നു.
'ഭാരതി ടെലികോം ഒരു ഓഫ് മാര്‍ക്കറ്റ് ഇടപാടിലൂടെ എയര്‍ടെല്ലിന്റെ ഏകദേശം 1.2 ശതമാനം ഓഹരികള്‍ ഇന്ത്യ കോണ്ടിനെന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡില്‍ നിന്ന് സ്വന്തമാക്കി,' ഭാരതി എയര്‍ടെല്‍ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ഈ ഇടപാടോടെ, ഭാരതി ടെലികോമിന് ഭാരതി എയര്‍ടെല്ലില്‍ 40.33 ശതമാനം ഓഹരിയും ഇന്ത്യന്‍ കോണ്ടിനെന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന് കമ്പനിയില്‍ 3.31 ശതമാനം ഓഹരിയും ലഭിക്കും.
ഈ ആഴ്ച ആദ്യം, ഭാരതി ടെലികോം 3-10 വര്‍ഷത്തെ കാലയളവില്‍ ആറ് ഘട്ടങ്ങളിലായി 11,150 കോടി രൂപ സമാഹരിച്ചിരുന്നു.