ആക്റ്റ് ഈസ്റ്റ് പോളിസി: സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്രം

  • കിഴക്കന്‍ മേഖലയിലെ വളര്‍ച്ചയ്ക്കും വികസനത്തിനും പദ്ധതി ലക്ഷ്യമിടുന്നു
  • ബംഗാള്‍ ഉള്‍ക്കടലിലെ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കും
  • മേഖലയില്‍ പിടിമുറുക്കുന്ന ചൈനീസ് നീക്കങ്ങള്‍ക്കെതിരായ നടപടി

Update: 2023-06-05 06:28 GMT

ആക്ട് ഈസ്റ്റ് നയത്തോട് സര്‍ക്കാര്‍ ആഴത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള പരമാവധി സാധ്യതകള്‍ ഈ നയം പ്രാപ്തമാക്കുമെന്നും അതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും സോനോവാള്‍ കൂട്ടിച്ചേര്‍ത്തു.

ഈ മേഖലയിലെ സമുദ്രമേഖലയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണത്തിന്റെ ആവശ്യകതയും സോനോവാള്‍ ഊന്നിപ്പറഞ്ഞു.

ഉഭയകക്ഷി, പ്രാദേശിക, ബഹുമുഖ തലങ്ങളില്‍ തുടര്‍ച്ചയായ ഇടപെടലിലൂടെ സാമ്പത്തിക സഹകരണം, സാംസ്‌കാരിക ബന്ധങ്ങള്‍, ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ലക്ഷ്യം.

മേഖലയില്‍ ചൈനയുടെ സാന്നിധ്യം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരായ ഇന്ത്യയുടെ നീക്കങ്ങളിലൊന്നാണ് ഈ നയം. സാമ്പത്തികവും സാമൂഹികവും സൈനികവുമായ ബെയ്ജിംഗിന്റെ സ്വാധീനം മറ്റ് രാജ്യങ്ങളുടെ ക്രയവിക്രയങ്ങള്‍ക്ക് ഭീഷണിയായി മാറുകയാണ്.

ദക്ഷിണ ചൈനാക്കടലില്‍ അധീശത്വം സ്ഥാപിക്കാനുള്ള ഷി ജിന്‍പിംഗിന്റെ മോഹങ്ങള്‍ മേഖലയിലെ വ്യാപാര നീക്കങ്ങളെ തടസപ്പെടുത്തിയേക്കാം. ഇതിനെതിനെതിരെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും രംഗത്തുണ്ട്. തെയ്‌വാന്‍ വിഷയത്തില്‍ യുഎസിന്റെ വര്‍ധിച്ച താല്‍പ്പര്യം ഇക്കാരണത്താലാണ്.

ആഗോളതലത്തില്‍ വ്യാപാര ശൃംഘല വര്‍ധിപ്പിച്ചുവരുന്ന ചൈന ചെറുരാജ്യങ്ങളെയും ദ്വീപുകളെയും പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാക്കുകയാണ്.ഇതിനായി വന്‍തോതില്‍ കടം നല്‍കി അവരെ തങ്ങള്‍ക്ക് ബാധ്യതയുള്ളവരാക്കിത്തീര്‍ക്കുന്നു. കടമെടുത്ത തുകയ്ക്ക് വന്‍ പലിശയാണ് ബെയ്ജിംഗ് ഈടാക്കുക.

ഇത് ചെറുകിട രാജ്യങ്ങളെ കടക്കെണിയിലാക്കുന്നു. ശ്രീലങ്ക, മാലിദ്വീപുകള്‍, പാക്കിസ്ഥാന്‍ എല്ലാം ഇതിന് ഉദാഹരണമാണ്. ഇന്ന് ഈ രാജ്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകണമെന്നറിയാതെ ഉഴലുകയാണ്.

ഇതെല്ലാം ഒഴിവാക്കുന്നതിനും ചെറുദ്വീപുരാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ വ്യാപാരവും അതുവഴി വികസനവും ഇന്ത്യ ആഗ്രഹിക്കുന്നു. ഈ ക്‌ഴ്ചപ്പാടാണ് ആക്റ്റ് ഈസ്റ്റ് പോളിസിക്കുപിന്നില്‍.

വ്യാപാര വാണിജ്യ പ്രതിനിധികളും ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തിന്റെ (എസ്എംപി) ഓഹരി ഉടമകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സെയില്‍, ടാറ്റ സ്റ്റീല്‍, ഇന്ത്യന്‍ ഓയില്‍, ഹാല്‍ദിയ പെട്രോകെമിക്കല്‍സ് ലിമിറ്റഡ്, ബിപിസിഎല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തതായി എസ്എംപി പ്രസ്താവനയില്‍ പറയുന്നു.

ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യ(ഐഡബ്ലിയുഎഐ) ഉള്‍പ്പെടുന്ന എസ്എംപി കൊല്‍ക്കത്തയ്ക്കും ബംഗ്ലാദേശിലെ വിവിധ തുറമുഖങ്ങളായ ചിറ്റഗോംഗ്, മോംഗ്ല എന്നിവയ്ക്കുമിടയില്‍ ചരക്ക് നീക്കം സുഗമമാക്കുന്നതിലൂടെ ബംഗ്ലാദേശുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് കൊല്‍ക്കത്ത തുറമുഖം ചെയര്‍മാന്‍ രതേന്ദ്ര രാമന്‍ പറഞ്ഞു.

കൂടാതെ, കലാദാന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ (കെഎംഎംടിടിപി) ഭാഗമായി മ്യാന്‍മറിലെ സിത്വെ തുറമുഖവുമായി സഹകരിച്ച് മിസോറം വഴി വടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് ചരക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News