ക്രിപ്‌റ്റോ: ആഗോള ചട്ടക്കൂടിനായി ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ധനമന്ത്രി
- ഇതി സംബന്ധിച്ച ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ ജി 20 അംഗങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്
- ക്രിപ്റ്റോ ആസ്തികള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഐഎംഎഫും മുന്നോട്ടുവച്ചു
ക്രിപ്‌റ്റോ ആസ്തികള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു ആഗോള ചട്ടക്കൂടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2023 ല്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. എല്ലാ രാജ്യങ്ങളുടെയും സഹകരണമില്ലാതെ ക്രിപ്റ്റോകറന്‍സികളെ കാര്യക്ഷമമായി നിയന്ത്രിക്കാനാകില്ല.
ക്രിപ്റ്റോ ആസ്തികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ചട്ടക്കൂട് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ ജി 20 അംഗങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചുട്ടുണ്ട്. ഇത് സംബന്ധിച്ച് സജീവമായ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അവര്‍ അറിയിച്ചു.
ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡും (എഫ്എസ്ബി) ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും (ഐഎംഎഫ്) അംഗരാജ്യങ്ങള്‍ക്കിടയില്‍ ക്രിപ്റ്റോ ആസ്തികള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചുട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടക്കെണിയും ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറും സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി, ജി20 രാജ്യങ്ങളുടെ ധനകാര്യ പ്രതിനിധികള്‍ സെപ്റ്റംബര്‍ 6, 7 തീയതികളില്‍ യോഗം ചേരുന്നുണ്ട്. സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് ജി20 ഉച്ചകോടി.
ക്രിപ്റ്റോ അസറ്റുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചു ജൂലൈയില്‍ പുറത്തിറക്കിയ പ്രാരംഭ റിപ്പോര്‍ട്ടില്‍, ഡാറ്റാ ശേഖരണവും റിപ്പോര്‍ട്ടിംഗും, അതിര്‍ത്തി കടന്നുള്ള സഹകരണം, ഭരണ ചട്ടക്കൂട്, അധികാരികള്‍ക്കുള്ള നിയന്ത്രണാധികാരം എന്നിവയുള്‍പ്പെടെയുള്ള നടപടികള്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഫ്എസ്ബി റിപ്പോര്‍ട്ട് ക്രിപ്‌റ്റോ ആസ്തികളെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രധാന ആശങ്കകളെ സംബോധന ചെയ്തിരുന്നില്ല.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍, ഭീകരവാദത്തിന് ധനസഹായം നല്‍കല്‍, ഡാറ്റാ സ്വകാര്യത, സൈബര്‍ സുരക്ഷ, ഉപഭോക്താവിന്റെയും നിക്ഷേപകരുടെയും സംരക്ഷണം, വിപണി സമഗ്രത, മത്സര നയം, നികുതി ചുമത്തല്‍ തുടങ്ങിയ ക്രിപ്റ്റോ അസറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയുടെ പ്രധാന ആശങ്കകളെ റിപ്പോർട്ട് പരിഗണിച്ചിരുന്നില്ല.