ഉപഭോക്തൃ പണപ്പെരുപ്പം 4.70; 18 മാസത്തിനിടയിലെ താഴ്ന്ന നിലയിൽ
- ഭക്ഷ്യവില പണപ്പെരുപ്പത്തില്‍ കുത്തനേ ഇടിവ്
- പലിശ നിരക്ക് വര്‍ധനയ്ക്ക് സാധ്യത അടയുന്നു
രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 18 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 4.70 ശതമാനമായി കുറഞ്ഞതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പെരുപ്പത്തിനു നിശ്ചയിച്ചിട്ടുള്ള ഉയർന്ന സഹിഷ്ണുത പരിധിയായ 6 ശതമാനത്തിന് ഏറെ താഴെയാണ് കഴിഞ്ഞ മാസത്തെ പണപ്പെരുപ്പം. അതിനാൽ അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റമില്ലാതെ നിലനിർത്താനും ആവശ്യമെങ്കിൽ കുറയ്ക്കുന്നതിനും കേന്ദ്ര ബാങ്കിനു മുന്നിൽ സാധ്യതകൾ തെളിയുകയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ 5.6 6% പണപ്പെരുപ്പം ആണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഏപ്രിലിൽ 7.79% ആയിരുന്നു പണപ്പെരുപ്പം നിരക്ക്.
'എണ്ണയുടെയും കൊഴുപ്പ് ഉല്‍പ്പന്നങ്ങളുടെയും' വില 12.33 ശതമാനം കുറഞ്ഞു, പച്ചക്കറികളില്‍ 6.5 ശതമാനവും 'മാംസം, മത്സ്യം എന്നിവയില്‍ 1.23 ശതമാനവും പണച്ചുരുക്കവുമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഏപ്രിലില്‍ ഉണ്ടായത്.
ഭക്ഷ്യവില പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞതാണ് സിപിഐ പണപ്പെരുപ്പത്തിലെ വലിയ ഇടിവിലേക്ക് നയിച്ചത്. ഉപഭോക്തൃ ഭക്ഷ്യ വില പണപ്പെരുപ്പ സൂചിക ഏപ്രിലിൽ 3.84% ആണ്, ഒരു വർഷം മുമ്പ് ഇതേ മാസത്തില്‍ ഇത് 8.31% ആണ്. ഇക്കഴിഞ്ഞ മാർച്ചിലെ ഭക്ഷ്യവിലപ്പെരുപ്പം 4.79 ശതമാനമായിരുന്നു. ഏപ്രിലിൽ ഗ്രാമീണ പണപ്പെരുപ്പം 4.68 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 4.85 ശതമാനവുമാണ്.
പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിന് തുടര്‍ച്ചയായി 6 ധനനയ അവലോകന യോഗങ്ങളില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. അതിനു ശേഷം ഏപ്രില്‍ ആദ്യത്തില്‍ ചേര്‍ന്ന ധനനയ അവലോകന യോഗമാണ് ഈ നിരക്കു വര്‍ധനയുടെ സൈക്കിളിന് അവസാനമിട്ടത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ നിരക്കു കുറയ്ക്കുന്നതിലേക്ക് ഇത് കേന്ദ്ര ബാങ്കിനെ നയിച്ചേക്കാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നതുന്നത്. 14 മാസത്തിനിടയില്‍ ആദ്യമായാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിന് താഴേക്ക് എത്തുന്നത്.
സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡാറ്റ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മന്ത്രാലയത്തിലലെ ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷനിലെ ഫീൽഡ് സ്റ്റാഫിന്റെ വ്യക്തിഗത സന്ദർശനങ്ങൾ വഴി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന തരത്തില്‍ തിരഞ്ഞെടുത്ത 1114 നഗര വിപണികളിൽ നിന്നും 1181 ഗ്രാമങ്ങളിൽ നിന്നുമുള്ള വിലവിവരങ്ങൾ പ്രതിവാര അടിസ്ഥാനത്തില്‍ ശേഖരിച്ചാണ് പണപ്പെരുപ്പ നിരക്ക് തയാറാക്കിയത്.