ഈ വര്‍ഷം 19 പുതിയ മോഡലുകളെന്ന് ബിഎംഡബ്ല്യു

  • കഴിഞ്ഞ വര്‍ഷം റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തി
  • 2025ഓടെ വിൽപ്പനയുടെ 25% ഇവി ആക്കാന്‍ പദ്ധതി
  • ഈ വര്‍ഷം രണ്ട് ഇലക്ട്രിക് വാഹന മോഡലുകള്‍

Update: 2024-01-11 09:25 GMT

ഈ വര്‍ഷം ഇന്ത്യയില്‍ 19 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. രണ്ട് ഇലക്ട്രിക് വാഹന മോഡലുകള്‍ ഉള്‍പ്പടെ 13 പുതിയ കാറുകളും 6 പുതിയ മോട്ടാർ സൈക്കിളുകളും 2024ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വർഷം ഫൈവ് സീരീസ്, എക്സ് 3 എന്നിവ ഉള്‍പ്പടെയുള്ള മോഡലുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്‍റ് വിക്രം പവ്വ പറഞ്ഞു.

ഈ വര്‍ഷവും മികച്ച വില്‍പ്പന വളര്‍ച്ച നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ റെക്കോഡ് സൃഷ്ടിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2023ല്‍ മൊത്തമായി 22,940 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. 2022ല്‍ രേഖപ്പെടുത്തിയ 19,263 യൂണിറ്റുകളുടെ വില്‍പ്പനയെ അപേക്ഷിച്ച് 19 ശതമാനം വര്‍ധന ആണിത്.

ബിഎംഡബ്ല്യു, മിനി ബ്രാൻഡുകളിലായി മൊത്തം 14,172 കാറുകള്‍ 2023ല്‍ വിറ്റു. ബിഎംഡബ്ല്യു മോട്ടോറാഡ് ബ്രാന്‍ഡില്‍ 8,768 മോട്ടോർസൈക്കിളുകളുടെ വില്‍പ്പനയും പോയവര്‍ഷം നടന്നു. തുടർച്ചയായ രണ്ടാം വർഷവും ഇലക്ട്രിക് ആഡംബര കാർ വിഭാഗത്തിൽ ഇന്ത്യന്‍ വിപണിയിലെ നേതൃസ്ഥാനം നിലനിര്‍ത്താനായതായി ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

"2023 ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ നാഴികക്കല്ലാണ്. 'ബിഎംഡബ്ല്യു, മിനി, ബിഎംഡബ്ല്യു മോട്ടോറാഡ്' എന്നീ മൂന്ന് ബ്രാൻഡുകളും തങ്ങളുടെ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് നൽകിയത്, " വിക്രം പവ്വ പറഞ്ഞു. തുടർച്ചയായ രണ്ടാം വർഷവും ഇലക്ട്രിക് ആഡംബര കാർ വിഭാഗത്തിൽ കമ്പനി അതിന്റെ നേതൃസ്ഥാനം നിലനിർത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

2023ൽ മൊത്തം 23 ഉൽപ്പന്നങ്ങളാണ് ബിഎംഡബ്ല്യു അവതരിപ്പിച്ചത്. 2025ഓടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 25 ശതമാനവും ഇലക്ട്രിക് വാഹന മോഡലുകളാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 1,474 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് ബിഎംഡബ്ല്യു ഇന്ത്യ വിറ്റത്.

Tags:    

Similar News