നവകേരള സദസിന് തുടര്‍ച്ച; 18 മുതല്‍ വിവിധ മേഖലകളുമായി മുഖാമുഖ സംവാദം

  • ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ വിവിധ ജില്ലകളിലായി മുഖാമുഖം
  • തുടക്കം വിദ്യാര്‍ത്ഥി മേഖലയ്ക്കായുള്ള സംവാദത്തോടെ
  • വിവിധ മേഖലകള്‍ക്കായുള്ള നയങ്ങളും കാഴ്ചപ്പാടുകളും വിശദീകരിക്കും

Update: 2024-01-29 05:28 GMT

നവകേരള സദസിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേർത്ത് സംവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ പത്തു കേന്ദ്രങ്ങളിലായി വ്യത്യസ്ത മേഖലയിലുള്ളവരെ ഉൾപ്പെടുത്തി മുഖാമുഖ പരിപാടി നടത്തുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 

വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, ഭിന്നശേഷിക്കാർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, പെൻഷൻകാർ / വയോജനങ്ങൾ, തൊഴിൽ മേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ആദ്യ ഘട്ടത്തില്‍ സംഘടിപ്പിച്ചിട്ടുള്ളച്. ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളിൽ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകൾ വിശദമായി അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും.

വിദ്യാർത്ഥികളുമായുള്ള മുഖാമുഖത്തിൽ എല്ലാ സർവകലാശാലകളിൽ നിന്നും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ കോളേജുകളിൽ നിന്നും ഉള്ള വിദ്യാർഥി പ്രതിനിധികൾ ഭാഗമാകും. വി ജ്ഞാനമേഖലയിൽ ലോകത്തുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ചയുടെ ഭാഗമാകും. അക്കാദമിക് രംഗത്തും പ്രൊഫഷണൽ രംഗത്തും കല, സാംസ്‌കാരിക, സിനിമാ രംഗത്തും പ്രവർത്തിക്കുന്ന യുവജനങ്ങൾ മുഖാമുഖത്തിനായി എത്തിച്ചേരും. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ചകൾക്ക് വിഷയമാകും. യുവജനക്ഷേമേത്തിലും തൊഴിൽ മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതൽ മികവിലേയ്ക്കുയർത്താൻ വേണ്ട ആശയങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും ഉള്ള അവസരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ർു

വനിതകളുമായുള്ള മുഖാമുഖം പരിപാടിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡൻറുമാർ, കുടുംബശ്രീ, ആശാപ്രവർത്തകർ, അങ്കണവാടി, സാന്ത്വനപരിചരണം, വനിതാ കർഷകർ, വനിതാ അഭിഭാഷകർ, ഐടി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ പങ്കെടുക്കും. വനിതാക്ഷേമവും സുരക്ഷയും സംസ്ഥാന സർക്കാരിൻറെ ഏറ്റവും പ്രധാന പരിഗണനകളിൽ ഒന്നാണ്. ആ മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് സാധിച്ചിട്ടുമുണ്ട്. അവയെ കൂടുതൽ മികവിലേയ്ക്കുയർത്താനുള്ള ആശയങ്ങൾ ഈ മുഖാമുഖ വേദിയിൽ പങ്കുവയ്ക്കപ്പെടും.

ആദിവാസി ദളിത് വിഭാഗങ്ങൾ, ഭിന്നശേഷി, വയോജന പ്രതിനിധികൾ എന്നിവരുമായുള്ള മുഖാമുഖ പരിപാടിയിലും മികച്ച പങ്കാളിത്തം ഉറപ്പു വരുത്തും. പ്രതിസന്ധി നേരിടുന്ന കാർഷികമേഖലയിൽ നിന്നുള്ള പ്രതിനിധികളുമായുള്ള മുഖാമുഖം പുനരുജ്ജീവന മാർഗങ്ങൾ ആരായും. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും ക്ഷേമവും ചർച്ചയുടെ പ്രധാന വിഷയങ്ങൾ ആകും. തൊഴിൽ മേഖലയിൽ നിന്നുള്ള പ്രതിനിധികളുമായി ആധുനിക തൊഴിൽ മേഖലയിലേയ്ക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ യുവത്വത്തെ കൈപ്പിടിച്ചുയർത്താൻ കഴിയുന്ന ആശയങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കും. ജ്ഞാനസമ്പദ് വ്യവസ്ഥയായി കേരളത്തെ വളർത്തിയെടുക്കാനുള്ള കൂട്ടായ പരിശ്രമത്തിൻറെ ഭാഗമാണ് ഈ പരിപാടി. 

ഫെബ്രുവരി 18ന് കോഴിക്കോട് (വിദ്യാർത്ഥിസംഗമം), 20ന് - തിരുവനന്തപുരം (യുവജനങ്ങൾ), 22ന് - എറണാകുളം (സ്ത്രീകൾ), 24 - കണ്ണൂർ (ആദിവാസികളും ദളിത് വിഭാഗങ്ങളും), 25 - തൃശൂർ (സാംസ്‌കാരികം), 26 - തിരുവനന്തപുരം (ഭിന്നശേഷിക്കാർ), 27 - തിരുവനന്തപുരം (പെൻഷൻകാർ, വയോജനങ്ങൾ), 29 - കൊല്ലം (തൊഴിൽമേഖല), മാർച്ച് 02 - ആലപ്പുഴ (കാർഷികമേഖല), 03 - (എറണാകുളം റസിഡൻസ് അസോസിയേഷനുകൾ) എന്നിങ്ങനെയാണു നിശ്ചയിച്ചിട്ടുള്ള പരിപാടികൾ.

Tags:    

Similar News