ടിവിഎസ് മോട്ടോഴ്‌സിന്റെ അറ്റാദായം 22 ശതമാനം വര്‍ധിച്ചു

Update: 2023-01-25 11:14 GMT


നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ ടിവിഎസ് മോട്ടോഴ്‌സിന്റെ അറ്റാദായത്തില്‍ 22.5 ശതമാനത്തിന്റെ വര്‍ധന. കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 288 കോടി രൂപയില്‍ നിന്ന് 352.75 കോടി രൂപയായി. വരുമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 14.7 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,706.43 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ പാദത്തില്‍ ഇത് 6,545.42 കോടി രൂപയായി ഉയര്‍ന്നു.

പ്രവര്‍ത്തന എബിറ്റ്ട 16 ശതമാനം വര്‍ധിച്ചു. ഇതോടെ എബിറ്റ്ട 568 കോടി രൂപയില്‍ നിന്ന് 659 കോടി രൂപയിലെത്തി. എബിറ്റെട മാര്‍ജിന്‍ 10 ശതമാനത്തില്‍ നിന്ന് 10.1 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി ഒന്നിന് 5 രൂപ നിരക്കില്‍ 238 കോടി രൂപയുടെ ഇടക്കാല ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ പാദത്തില്‍ കമ്പനിയുടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്പന മുന്‍ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 0.02 ലക്ഷം വാഹനങ്ങളില്‍ നിന്ന് 0.29 ലക്ഷം വാഹനങ്ങളായി. തൊട്ട് മുന്‍പുള്ള സെപ്റ്റംബര്‍ പാദത്തില്‍ 0.16 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇരു ചക്ര വാഹനങ്ങളുടെ വിഭാഗത്തില്‍ 8.36 ലക്ഷം വാഹനങ്ങളും വിറ്റഴിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 2.53 ലക്ഷം വാഹനങ്ങളുടെ വില്പന റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം 2.07 ലക്ഷം വാഹനങ്ങളാണ് വിറ്റു പോയത്. മുച്ചക്ര വാഹന വിഭാഗത്തില്‍ 0.43 ലക്ഷം വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 0.44 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു.


Tags:    

Similar News