ജവാനും, ഗദ്ദര്‍ 2-ും തുണച്ചു; പിവിആര്‍ ഐനോക്‌സിന് 166.3 കോടി രൂപയുടെ അറ്റാദായം
2023-24 സാമ്പത്തികവര്‍ഷത്തില്‍ രണ്ടാം പാദ വരുമാനം 53.3 ശതമാനം ഉയര്‍ന്ന് 1,999.9 കോടി രൂപയായി
മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്‌സ് 2023-24 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 166.3 കോടി രൂപയുടെ അറ്റാദായം നേടി.
ആദ്യ പാദത്തില്‍ 82 കോടി രൂപയുടെ നഷ്ടമായിരുന്നു. എന്നാല്‍ മികച്ച കളക്ഷന്‍ നേടിയ ഷാരൂഖ് ഖാന്റെ ജവാന്‍, സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2 എന്നിവ രണ്ടാം പാദത്തില്‍ പിവിആര്‍ ഐനോക്‌സിനെ ലാഭത്തിലെത്താന്‍ സഹായിച്ചു.
ബോക്‌സ്ഓഫീസില്‍ ജവാന്‍ 750 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു. 620 കോടിയിലധികം രൂപയാണ് ഗദ്ദര്‍ 2 കളക്റ്റ് ചെയ്തത്.
ഓപ്പണ്‍ഹൈമര്‍, മിഷന്‍ ഇംപോസിബിള്‍: ഡെഡ് റെക്കനിംഗ് പാര്‍ട്ട് 1 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ യഥാക്രമം 150ും, 130 കോടി രൂപയിലധികം കളക്റ്റ് ചെയ്തു.
2023-24 സാമ്പത്തികവര്‍ഷത്തില്‍ രണ്ടാം പാദ വരുമാനം 53.3 ശതമാനം ഉയര്‍ന്ന് 1,999.9 കോടി രൂപയായി. ആദ്യ പാദ വരുമാനം 1,305 കോടി രൂപയായിരുന്നു.
ഈ പാദത്തിലാണ് എക്കാലത്തെയും ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍ കൈവരിച്ചതെന്നും കമ്പനി അറിയിച്ചു.
ഈ വര്‍ഷം ഫെബ്രുവരി ആറിനായിരുന്നു പിവിആറും ഐനോക്‌സും തമ്മില്‍ ലയിച്ചത്.
160 പുതിയ സ്‌ക്രീനുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇപ്പോള്‍ പിവിആര്‍ ഐനോക്‌സിന് 115 നഗരങ്ങളിലായി 358 തിയേറ്ററുകളും, 1,702 സ്‌ക്രീനുകളും ഉണ്ട്.