ചെലവ് വർധിച്ചു; എന്‍എച്ച്പിസി അറ്റാദായം 19 ശതമാനം ഇടിഞ്ഞു
- ഏകീകൃത അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 628.44 കോടി രൂപയായി
- മൊത്തവരുമാനം 2,549.69 കോടി രൂപയായി കുറഞ്ഞു
- ഒരു ഇക്വിറ്റി ഷെയറിന് 1.40 രൂപ ഇടക്കാല ലാഭവിഹിതം
ഡല്‍ഹി: ഉയര്‍ന്ന ചെലവുകളെ തുടര്‍ന്ന് 2023-24 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ എന്‍എച്ച്പിസിയുടെ ഏകീകൃത അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 628.44 കോടി രൂപയായി.
2022-23 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 775.99 കോടി രൂപയുടെ അറ്റാദായം ഹൈഡ്രോ പവര്‍ പ്രൊഡ്യൂസര്‍ റിപ്പോര്‍ട്ട് ചെയ്തതായി കമ്പനി എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.
കമ്പനിയുടെ മൊത്തവരുമാനവും കഴിഞ്ഞ പാദത്തില്‍ 2,691.34 കോടി രൂപയില്‍ നിന്ന് 2,549.69 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1,303.06 കോടി രൂപയായിരുന്ന ചെലവ് അവലോകന പാദത്തില്‍ 1,727.85 കോടി രൂപയായി ഉയര്‍ന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഇക്വിറ്റി ഷെയറിന് 1.40 രൂപ ഇടക്കാല ലാഭവിഹിതം കമ്പനിയുടെ ബോര്‍ഡ് അംഗീകരിച്ചു. ഇടക്കാല ലാഭവിഹിതം നല്‍കുന്നതിനുള്ള ഓഹരി ഉടമകളുടെ യോഗ്യത ഉറപ്പാക്കുന്നതിന് ഫെബ്രുവരി 22 റെക്കോഡ് തീയതിയായി നിശ്ചയിച്ചു.
ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള NHPC, ആശയവല്‍ക്കരണം മുതല്‍ ജലവൈദ്യുത പദ്ധതികളുടെ കമ്മീഷന്‍ ചെയ്യല്‍ വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത വികസന സ്ഥാപനമാണ്.
ഫരീദാബാദ് ആസ്ഥാനമായുള്ള കമ്പനി സൗരോര്‍ജ്ജ, കാറ്റാടി ഊര്‍ജ്ജ വികസനത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.