കൊട്ടക് മഹീന്ദ്ര ബാങ്ക് അറ്റാദായം 4133 കോടി; അറ്റ ​​പലിശ വരുമാനം 13% ഉയർന്നു

  • 2024 സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ അറ്റാദായം 26% വർധിച്ച് 13,782 കോടി രൂപയിലെത്തി
  • അറ്റ ​​പലിശ മാർജിൻ 5.28 ശതമാനത്തിലെത്തി
  • ബാങ്കിന്റെ ഉപഭോക്താളുടെ എണ്ണം അഞ്ചു കോടി കടന്നു

Update: 2024-05-04 09:10 GMT

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ പുറത്ത് വിട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക്. നാലാം പാദത്തിലെ ബാങ്കിന്റെ അറ്റാദായം 18.22 ശതമാനം ഉയർന്ന് 4,133.30 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 3496 കോടി രൂപയായിരുന്നു അറ്റാദായം. 2024 സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ അറ്റാദായം 26 ശതമാനം വർധിച്ച് 13,782 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷമിത് 10,939 കോടി രൂപയായിരുന്നു.

ജനുവരി-മാർച്ച് പാദത്തിലെ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം (NII) 13 ശതമാനം ഉയർന്ന് 6,909 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷമിത് 6,103 കോടി രൂപയായിരുന്നു.നാലാം പാദത്തിലെ ബാങ്കിന്റെ അറ്റ ​​പലിശ മാർജിൻ (NIM) 5.28 ശതമാനത്തിലെത്തി. മുൻ പാദത്തിലിത് 5.22 ശതമാനമായിരുന്നു. അവലോകന സാമ്പത്തിക വർഷത്തിലെ അറ്റ ​​പലിശ വരുമാനം (NII) 21 ശതമാനം ഉയർന്ന് 25,993 കോടി രൂപയിലെത്തി. മുൻ വർഷത്തിൽ ഇത് 21,552 കോടി രൂപയായിരുന്നു.

ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ സാമ്പത്തിക വർഷത്തെ 14,848 കോടി രൂപയിൽ നിന്ന് 32 ശതമാനം ഉയർന്ന് 19,587 കോടി രൂപയിലെത്തി. നാലാം പാദത്തിലിത് 5,462 കോടി രൂപയായി വർധിച്ചു. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 4,647 കോടി രൂപയായിരുന്നു. ബാങ്കിൻ്റെ മൊത്ത നിഷ്ക്രിയ ആസ്തി മുൻ സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ 1.78 ശതമാനത്തിൽ നിന്നും 1.39 ശതമാനമായി മെച്ചപ്പെട്ടു. അറ്റ നിഷ്ക്രിയ ആസ്തി 0.34 ശതമാനത്തിൽ നിന്നും 0.37 ശതമാനത്തിലെത്തി.

മാർച്ചിൽ അവസാനിച്ച വർഷത്തിലെ ബാങ്കിന്റെ ഉപഭോക്താളുടെ എണ്ണം അഞ്ചു കോടി കടന്നിരുന്നു.  മുൻ വർഷത്തിൽ ഇത് 4.1 കോടിയായിരുന്നു. ഈ കാലയളവിലെ ബാങ്കിന്റെ കാസ അനുപാതം 45.5 ശതമാനമാണ്. കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് ഓഹരിയൊന്നിന് 2 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷത്തെ 3.25 ലക്ഷം കോടിയിൽ നിന്ന് ബാങ്കിൻ്റെ അഡ്വാൻസ് 20 ശതമാനം വർധിച്ച് 3.91 ലക്ഷം കോടി രൂപയിലെത്തി. 2023 സാമ്പത്തിക വർഷത്തെ 58,415 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിലെ ശരാശരി കറൻ്റ് ഡെപ്പോസിറ്റുകൾ 60,160 കോടി രൂപയായി വർധിച്ചു. സാമ്പത്തിക വർഷത്തിലെ ടേം ഡെപ്പോസിറ്റ് 2.24 ലക്ഷം കോടി രൂപയായി ഉയർന്നു, മുൻ വർഷം 1.66 ലക്ഷം കോടി രൂപയായിരുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക് 2024 സാമ്പത്തിക വർഷത്തിൽ വടക്കേ ഇന്ത്യ ആസ്ഥാനമായുള്ള സൊണാറ്റ മൈക്രോഫിനാൻസ് എന്ന സ്ഥാപനത്തിൻ്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി.

ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് ചാനലുകൾ വഴി പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതും പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതും നിർത്താൻ ആർബിഐ കഴിഞ്ഞ ആഴ്ച ബാങ്കിന് നിർദ്ദേശം നൽകിയിരുന്നു.

ആർബിഐയിൽ നിന്നുള്ള നിർദ്ദേശവും ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ കെ വി എസ് മണിയൻ്റെ രാജിയെയും തുടർന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഓഹരികൾ രണ്ടാഴ്ചയ്ക്കിടെ 14 ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

വെള്ളിയാഴ്ച്ച ബാങ്കിൻ്റെ ഓഹരികൾ 1.81 ശതമാനം ഇടിഞ്ഞ് 1547.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News