57% വില്‍പ്പന വളര്‍ച്ചയുമായി ജെടിഎല്‍ ഇന്‍റസ്ട്രീസ്
- സ്റ്റീൽ ട്യൂബുകൾക്കും പൈപ്പുകൾക്കുx ശക്തമായ ഡിമാൻഡ്
- അന്താരാഷ്ട്ര വില്‍പ്പന രണ്ടാം പാദത്തിൽ 14.49 ശതമാനം ഉയര്‍ന്നു
സ്റ്റീൽ പൈപ്പ് നിർമ്മാതാക്കളായ ജെടിഎല്‍ ഇൻഡസ്ട്രീസ് ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ വിൽപ്പനയിൽ 54.66 ശതമാനം വാര്‍ഷിക വളർച്ച കൈവരിച്ചു. 1.59 ലക്ഷം ടണ്ണിന്‍റെ വില്‍പ്പനയാണ് ഇക്കാലയളവില്‍ നടന്നത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ വിൽപ്പന 56.78 ശതമാനം വർധനയോടെ 81,686 ടണ്ണാണെന്നും ജെടിഎൽ ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. മുന്‍ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിലെ വിൽപ്പന 1.02 ലക്ഷം ടണ്ണും രണ്ടാം പാദത്തിലെ വില്‍പ്പന 52,101 ടണ്ണും ആയിരുന്നു.
ആഭ്യന്തര, അന്തർദേശീയ വിപണികളിൽ സ്റ്റീൽ ട്യൂബുകൾക്കും പൈപ്പുകൾക്കുമുള്ള ശക്തമായ ഡിമാൻഡാണ് വിൽപ്പനയിലെ കുതിച്ചുചാട്ടത്തിന് കാരണമെന്ന് കമ്പനി പറഞ്ഞു. മൂല്യവർധിത ഉൽപന്നങ്ങളുടെ വിൽപന 2022-23 ആദ്യപകുതിയിലെ 40,221 ടണ്ണിൽ നിന്ന് 2023 -24 ആദ്യപകുതിയിൽ 60,708 ടണ്ണായി ഉയർന്നു.
"ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഞങ്ങളുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപ്പന അളവ് രേഖപ്പെടുത്തി.സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയിലും റെക്കോഡ് വിൽപ്പന അളവ് രേഖപ്പെടുത്തുന്നതിലൂടെ ഞങ്ങൾ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിക്കുകയാണ്. അന്താരാഷ്ട്ര വില്‍പ്പന 2022-23 രണ്ടാം പാദത്തിലെ 3,837 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 2023 -24 രണ്ടാം പാദത്തിൽ 14.49 ശതമാനം വർധനയോടെ 4,393 ടണ്ണിലെത്തി," കമ്പനി വക്താവ് പറഞ്ഞു.
പശ്ചാത്തല സൌകര്യ വികസനത്തിനായി സര്‍ക്കാരുകളുടെയും സ്വകാര്യ മേഖലയുടെയും ചെലവിടല്‍ ഉയരുന്നതിനാല്‍ സ്‍റ്റീല്‍ ആവശ്യകത ഇനിയും ഉയര്‍ന്നു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ, മൺസൂൺ അവസാനിക്കുന്നതോടെ പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ജെടിഎല്‍ ഇൻഡസ്ട്രീസ് (മുമ്പ് JTL ഇൻഫ്രാ ലിമിറ്റഡ്) ഇന്ത്യയിലെ ഇലക്ട്രിക് റെസിസ്റ്റൻസ് വെൽഡഡ് (ERW) സ്റ്റീൽ പൈപ്പുകളുടെ ഏറ്റവും വലിയ നിർമ്മാതാവാണ്. പ്രതിവർഷം 6 ലക്ഷം മെട്രിക് ടണ്ണിൽ കൂടുതൽ ഉല്‍പ്പാദിപ്പിക്കാന്‍ കമ്പനിക്ക് ശേഷിയുണ്ട്.