വരുമാനത്തില്‍ ഇടിവ് തുടരുന്നു; ബിപിസിഎല്‍-ന്‍റെ അറ്റാദായം 10,550 കോടി രൂപ

  • ചെലവുകള്‍ 22% വെട്ടിക്കുറയ്ക്കാനായി
  • റിഫൈനറി ത്രൂപുട്ട് മുന്‍പാദത്തെ അപേക്ഷിച്ച് ഇടിഞ്ഞു
  • മുന്‍ പാദത്തില്‍ നിന്ന് ഏകീകൃത അറ്റാദായം 55% ഉയര്‍ന്നു

Update: 2023-07-26 10:49 GMT

സർക്കാർ ഉടമസ്ഥതയിലുള്ള ബിപിസിഎൽ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ 10,644 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 6,148 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. എങ്കിലും അവലോകന പാദത്തിലെ ഏകീകൃത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം ഇടിഞ്ഞ് 1.28 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1.38 ലക്ഷം കോടിയായിരുന്നു. സ്റ്റാൻഡ്‌ലോൺ അടിസ്ഥാനത്തിൽ, ജൂൺ പാദത്തിലെ അറ്റാദായം 10,550 കോടി രൂപയും വരുമാനം 1.28 ലക്ഷം കോടി രൂപയുമാണ്. 

മുന്‍ പാദത്തില്‍ രേഖപ്പെടുത്തിയ 6,870 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകീകൃത അറ്റാദായം 55% കൂടുതലാണ്. എന്നിരുന്നാലും, വരുമാനം മുന്‍ പാദവുമായുള്ള താരതമ്യത്തില്‍ 4% കുറഞ്ഞു. റിപ്പോർട്ടിംഗ് പാദത്തിലെ മൊത്തം ചെലവുകൾ 22 ശതമാനം വാര്‍ഷിക ഇടിവോടെ 1.14 ലക്ഷം കോടി രൂപയായി. മുന്‍ വർഷം സമാന പാദത്തിലിത് 1.46 ലക്ഷം കോടി രൂപയായിരുന്നു.

ജൂൺ പാദത്തിൽ കമ്പനി 15,746 കോടി രൂപ എബിറ്റ്ഡ റിപ്പോർട്ട് ചെയ്തു, മാർജിനുകൾ 13.9% ആയിരുന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം വേര്‍തിരിച്ച് കണക്കിലെടുത്താല്‍, പെട്രോളിയത്തിൽ നിന്നുള്ള വരുമാനം 1.28 ലക്ഷം കോടി രൂപയും ഹൈഡ്രോകാർബണുകളുടെ പര്യവേക്ഷണം, ഉൽപ്പാദനം എന്നിവയിൽ നിന്നുള്ള വരുമാനം 30.04 കോടി രൂപയുമാണ്.

ആദ്യ പാദത്തിലെ റിഫൈനറി ത്രൂപുട്ട് (എംഎംടി) 10.36 ൽ എത്തി, കഴിഞ്ഞ വർഷം പാദത്തിൽ ഇത് 9.69 ആയിരുന്നു, എന്നാൽ മാർച്ച് പാദത്തിലെ 10.36ൽ നിന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഏപ്രിൽ-ജൂൺ കാലയളവിൽ മറ്റ് വരുമാന വിഭാഗം 71 ശതമാനം ഉയർന്ന് 562 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 329 കോടി രൂപയായിരുന്നു. 

 ഇന്ന് 0.39% ഉയര്‍ന്ന് 387.90 രൂപയിലാണ് ഇന്ന് എന്‍എസ്‍ഇ-യില്‍ ബിപിസിഎല്‍-ന്‍റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 

Tags:    

Similar News