ആഗോള പണപ്പെരുപ്പത്തിൽ ഹിൻഡാൽകോയുടെ ലാഭം ഇടിഞ്ഞു 1,362 കോടി രൂപയായി
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 53,151 കോടി രൂപയായി വർധിച്ചു
മുംബൈ: ആദിത്യ ബിർള ഗ്രൂപ്പിന്റെ പ്രമുഖ കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസിന്റെ ഡിസംബർ പാദത്തിലെ അറ്റാദായം 62.9 ശതമാനം കുറഞ്ഞ് 1,362 കോടി രൂപയായി. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും, ആഗോള പണപ്പെരുപ്പ സമ്മർദ്ദങ്ങളുമാണ് ഇടിവിനു കാരണം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 3,675 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 50,272 കോടി രൂപയിൽ നിന്ന് 53,151 കോടി രൂപയായി വർധിച്ചു.
അസംസ്കൃത വസ്തുക്കളുടെ വില കയറ്റം മൂലം ബിസിനസിന്റെ എബിറ്റഡിയിൽ സമ്മർദ്ദമുണ്ടെങ്കിലും വോളിയത്തിലുണ്ടായ വർധന ഇത് ഒരു പരിധി വരെ കുറക്കുന്നതിന് സഹായിക്കുമെന്നും ഇന്ത്യയിലെ അലുമിനിയം ബിസിനസ്സ് വിഭാഗത്തിൽ വാർഷികാടിസ്ഥാനത്തിൽ ഉയർന്ന എബിറ്റെടയാണ് ഉണ്ടായതെന്ന് ഹിൻഡാൽകോയുടെ മാനേജിങ് ഡയറക്ടർ സതീഷ് പൈ പറഞ്ഞു.
കമ്പനിയുടെ കോപ്പർ ബിസിനസിൽ എബിറ്റെട 40 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉയർന്ന വോളിയവും, ശക്തമായ ആഭ്യന്തര ഡിമാന്റുമാണ് വർധനക്ക് പിന്നിൽ. ദീർഘ കാലത്തേക്ക് കമ്പനി മികച്ച രീതിയിൽ തന്നെയാണ് മുന്നേറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോപ്പർ ബിസിനസിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ ഒരു ശതമാനം ഉയർന്ന് 10,309 കോടി രൂപയായി.