കൊച്ചിൻ ഷിപ്പ്യാർഡിന്റെ ലാഭം 61% ഉയർന്നു
- ഓഹരിയൊന്നിന് 8 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു
- 2:1 അനുപാതത്തിൽ ഓഹരികൾ വിഭജിക്കും
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാര്ഡിന്റെ ഏകീകൃത ലാഭം 2023-24 സെപ്റ്റംബർ പാദത്തിൽ 60.93 ശതമാനം ഉയർന്ന് 181.52 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 112.79 കോടി രൂപ ലാഭത്തിലായിരുന്നു. വരുമാനം മുൻവർഷം സമാന കാലയളവിലെ 744.88 കോടിയിൽ നിന്ന് 1100.40 കോടിയായി ഉയർന്നു. ആദ്യ പാദത്തിൽ 559.95 കോടി രൂപയായിരുന്നു വരുമാനം. രണ്ടാം പാദത്തിൽ മൊത്തം ചെലവ് 849.03 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 579.88 കോടി രൂപയായിരുന്നു.
ലാഭവിഹിതവും ഓഹരി വിഭജവും
സെപ്തംബർ പാദ ഫലങ്ങളോടൊപ്പം ഓഹരി വിഭജനവും 2023-24 സാമ്പത്തിക വർഷത്തിനുള്ള ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. പൂര്‍ണമായി പണമടച്ച 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 8 രൂപയാണ് ഇടക്കാല ലാഭവിഹിതം. നവംബർ 20 ഇതിനുള്ള റെക്കോഡ് തീയതിയായി നിശ്ചയിച്ചതായും കൊച്ചിൻ ഷിപ്പ്യാർഡ് അറിയിച്ചു.
അര്‍ഹരായ ഓഹരിയുടമകൾക്ക് ഡിസംബർ 6-നോ അതിനുമുമ്പോ ഇടക്കാല ലാഭവിഹിതം നൽകുമെന്ന് കൊച്ചിൻ ഷിപ്പ്യാർഡ് വ്യക്തമാക്കി.
10 രൂപ മുഖവിലയുള്ള ഒരു ഓഹരിയെ 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കാൻ ബേർഡ് അംഗീകാരം നൽകി. അതായത് 2:1 അനുപാതത്തിൽ ഓഹരികൾ വിഭജിക്കും. ഓഹരിയുടെ വിഭജനത്തിനുള്ള തിയതി കമ്പനി പിന്നീട് അറിയിക്കും.
പാദഫലം പ്രഖ്യാപിച്ച മറ്റു കേരള കമ്പനികൾ
ഫാക്ട് :
ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന്റെ ലാഭം രണ്ടാം പാദത്തിൽ 27.22 ശതമാനം വാര്‍ഷിക ഇടിവോടെ 105.24 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവില്‍ 144.60 കോടി രൂപയായിരുന്നു ലാഭം. ഏകീകൃത മൊത്ത വരുമാനം മുൻ വർഷത്തെ 1960.30 കോടി രൂപയിൽ നിന്നും 12.6 ശതമാനം ഇടിഞ്ഞ് 1713.59 കോടി രൂപയിലെത്തി.
കിറ്റെക്സ് :
കേരളം ആസ്ഥാനമായി വസ്ത്ര നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കിറ്റെക്സ് രണ്ടാം പാദത്തിൽ 13 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിലെ 22 കോടി രൂപയിൽ നിന്നും 38.38 ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്. ആദ്യ പാദത്തിൽ 8 കോടി രൂപയായിരുന്നു ലാഭം. മൊത്തം വരുമാനത്തിലും 6.97 ശതമാനത്തിന്റെ ഇടിവ് പ്രകടമായി. മുൻ വർഷത്തെ 151 കോടി രൂപയിൽ നിന്നും സെപ്റ്റംബർ പാദത്തിൽ 140 കോടി രൂപയായി വരുമാനം കുറഞ്ഞു.