സംരംഭം തുടങ്ങാന്‍ പുതിയ ഉത്പന്നങ്ങള്‍ തേടുകയാണോ ? പരിഹാരമുണ്ട് മെഷീനറി എക്സ്പോയില്‍
- സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യയും പരിശീലനവും കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍ നല്‍കും
- ചങ്ങനാശേരിയിലും മഞ്ചേരിയിലും കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്
- സംസ്ഥാനത്ത് എവിടെ നിന്നുള്ളവര്‍ക്കും വ്യാവസായിക സംരംഭവുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും സെന്ററുകളെ സമീപിക്കാം
സംരംഭം തുടങ്ങാന്‍ പുതിയ ഉത്പന്നം എന്ത് ? ഇത്തരം ചോദ്യം ചോദിച്ച് ഇനി ആവലാതിപ്പെടേണ്ട; പുതു ഉത്പന്നങ്ങള്‍ വികസിപ്പിച്ച് പരിഹാരം ഒരുക്കിയിരിക്കുകയാണ് വ്യവസായ, വാണിജ്യ വകുപ്പ്.
വകുപ്പിന് കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ ആറുമാസം മുമ്പ് ആരംഭിച്ച ഗവേഷണ, വികസന വിഭാഗമാണ് എട്ട് പുതിയ ഉത്പന്നങ്ങള്‍ ഒരുക്കിയത്. കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ നടക്കുന്ന മെഷിനറി എക്സ്പോയില്‍ ഈ ഉത്പന്നങ്ങള്‍ കാണാനും വിശദാംശങ്ങള്‍ തേടാനും അവസരമുണ്ട്.
സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് സാങ്കേതിക വിദ്യയും പരിശീലനവും കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍ നല്‍കും. നാമമാത്ര നിക്ഷേപം മതി സംരംഭത്തിനെന്ന മേന്മയുമുണ്ട്. വാട്ടര്‍ബോട്ടില്‍, ഫ്ളാസ്ക് എന്നിവയ്ക്കുള്ള വിവിധോപയോഗ ഹോള്‍ഡറുകള്‍, വാട്ടര്‍ ബെഡിനു പകരമായി വെള്ളകൂടാതെ ഉപയോഗിക്കാനാകുന്ന കിടപ്പുരോഗികള്‍ക്കുള്ള ബെഡ്, ഷോക്ക് പ്രൂഫ് ബാഗുകള്‍ തുടങ്ങിയവ സെന്റര്‍ വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. റബ്ബറും ജൂട്ടും ചേര്‍ത്തുള്ളതാണ് മിക്കവാറും എല്ലാ ഉത്പന്നങ്ങളും. ജൂട്ട് റീ ഇന്‍ഫോഴ്സ്ഡ് ലാറ്റക്സ് ബബ്ബിള്ഡ് ഷീറ്റ് മുഖ്യഘടകമാണ്.
ചങ്ങനാശേരിയിലും മഞ്ചേരിയിലും കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗവേഷണ വിഭാഗം ചങ്ങനാശേരിയിലാണ്. സംസ്ഥാനത്ത് എവിടെ നിന്നുള്ളവര്‍ക്കും വ്യാവസായിക സംരംഭവുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും സെന്ററുകളെ സമീപിക്കാം. സംരംഭകന് അസംസ്കൃത വസ്തുവുമായി എത്തി സെന്ററിലെ മെഷീനുകളില്‍ ഉത്പന്നങ്ങളുണ്ടാക്കി വില്പന നടത്താം. റബ്ബറും പ്ലാസ്റ്റിക്സും ഉപയോഗിച്ചാണ് ഈ വിഭാഗം ഉത്പന്നങ്ങളുടെ നിര്‍മാണം. കേരളത്തില്‍ റബ്ബറിന്റെ മൂല്യം വര്‍ധിതമാക്കി, ഉപഭോഗവും ആവശ്യവും കൂട്ടുകയെന്നതിന് സെന്റര്‍ പ്രാമുഖ്യം നല്കുന്നു.