പശ്ചിമ ബംഗാളില്‍ നിക്ഷേപത്തിന് ദക്ഷിണ കൊറിയന്‍ കമ്പനികള്‍

  • കൂടുതല്‍ വ്യാപാര അവസരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായ നീക്കം
  • ബംഗാളിന്റെ ഉപയോഗപ്പെടുത്താത്ത സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
  • എല്ലാ മേഖലകളിലും നിക്ഷേപം സ്വീകരിക്കാന്‍ താല്‍പ്പര്യമെന്ന് മമത

Update: 2023-05-18 17:49 GMT

ദക്ഷിണ കൊറിയന്‍ കമ്പനികള്‍ പശ്ചിമബംഗാളില്‍ നിക്ഷേപത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യയുടെ കവാടമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് ബംഗാള്‍. കൊല്‍ക്കത്ത തുറമുഖം വഴി വ്യാപാരം മെച്ചപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ് സംസ്ഥാനവുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താന്‍ കൊറിയ തയ്യാറെടുക്കുന്നത്.

ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാങ് ജെ-ബോക്ക് ആണ് കൊല്‍ക്കത്തയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുവരെ കൊറിയന്‍ ബിസിനസ് ഡെല്‍ഹി, ചെന്നൈ, ബംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

കൂടുതല്‍ വ്യാപാര അവസരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊറിയ മറ്റു സംസ്ഥാനങ്ങളിലേക്ക് ഉറ്റുനോക്കുന്നത്.

ഇക്കാരണത്താലാണ് കിഴക്കന്‍ ഇന്ത്യയുടെ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിന്റെ, ഉപയോഗപ്പെടുത്താത്ത സാധ്യതകളില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ പശ്ചിമ ബംഗാളുമായി കൊറിയക്ക് മികച്ച സഹകരണം കെട്ടിപ്പടുക്കാനാകുമെന്ന് വിശ്വസിക്കുന്നതായും ചാങ് ജെ-ബോക്ക് കൂട്ടിച്ചേര്‍ത്തു.

കൊറിയന്‍ അംബാസഡര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ അഭിപ്രായം പങ്കുവെച്ചത്. പശ്ചിമ ബംഗാളും കൊറിയയും തമ്മിലുള്ള സഹകരണം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും പങ്കിട്ടതായി ബോക്ക് പറഞ്ഞു.

കൊറിയന്‍ പ്രതിനിധിയുടെ അഭിപ്രായത്തില്‍ എംഎസ്എംഇകളുടെ കാര്യം പരിശോധിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആസ്ഥാനമാണ് പശ്ചിമ ബംഗാള്‍.

ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയുമായി സംസ്ഥാനം അന്താരാഷ്ട്ര അതിര്‍ത്തികളും പങ്കിടുന്നുണ്ട്. മറ്റ് അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി ആഭ്യന്തര അതിര്‍ത്തികളും സംസ്ഥാനം പങ്കിടുന്നു. ഇത് വ്യാവസായികമായി ഏറെ പ്രാധാന്യമുള്ള കാര്യമാണ്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ കല്‍ക്കത്ത തുറമുഖത്തെ അതീവ പ്രാധാന്യമുള്ളതായാണ് കരുതുന്നത്. രാജ്യത്തിന്റെ കലാദാന്‍ പദ്ധതി ആരംഭിക്കുന്നതു തന്നെ കൊല്‍ക്കത്തയില്‍ നിന്നാണ്.

ഈ വര്‍ഷം ഇന്ത്യയും കൊറിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളും സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധങ്ങളിലെ സഹകരണത്തില്‍ ഏറെ മുന്നോട്ടു പോയി.

ബംഗാള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ എല്ലാ മേഖലകളിലും കൊറിയയില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി മമത അറിയിച്ചു. ഹാല്‍ദിയ പെട്രോകെമിക്കല്‍സ് ലിമിറ്റഡ് സന്ദര്‍ശിക്കാനുള്ള താല്‍പ്പര്യവും കൊറിയന്‍ പ്രതിനിധി അറിയിച്ചു.

ഒരു കൊറിയന്‍ കമ്പനിയുമായി ബന്ധം സ്ഥാപിക്കാന്‍ പെട്രോകെമിക്കല്‍ യൂണിറ്റിന് താല്‍പ്പര്യമുണ്ട്. പശ്ചിമ ബംഗാളില്‍ 20-ലധികം കൊറിയന്‍ കമ്പനികള്‍ ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നുവെന്നും കൊറിയന്‍ അംബാസഡര്‍ മമതയെ അറിയിച്ചു.

ചൊവ്വാഴ്ച നടക്കുന്ന കൊറിയ-പശ്ചിമ ബംഗാള്‍ നിക്ഷേപ ഉച്ചകോടിയില്‍ 10 കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. കൊറിയ ട്രേഡ്-ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സി അടുത്ത ഏതാനും ദിവസങ്ങളില്‍ കൊല്‍ക്കത്തയില്‍ ഒരു ഓഫീസ് തുറക്കും.

കിയ മോട്ടോഴ്സ്, ഹ്യുണ്ടായ്, സാംസങ് എന്നിവയാണ് പശ്ചിമ ബംഗാളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച കമ്പനികളില്‍ ചിലത്. അംബാസഡറെ അനുഗമിച്ചവരില്‍ ഹ്യുണ്ടായ് കണ്‍സ്ട്രക്ഷന്‍, കൊറിയ ട്രേഡ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടുന്നു.


Tags:    

Similar News