നന്ദിനി ഓഗസ്റ്റില്‍ പാല്‍വില വര്‍ധിപ്പിക്കും

  • ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം
  • നന്ദിനി പാലിന്റെ വില മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്
  • അമുലും ഒരു വര്‍ഷത്തിനിടെ പലതവണ വില ഉയര്‍ത്തിയിരുന്നു

Update: 2023-07-22 06:05 GMT

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്) നന്ദിനി പാലിന്റെ വില ഓഗസ്റ്റ് ഒന്നുമുതല്‍ വര്‍ധിപ്പിക്കും. പാലിന്റെ ചില്ലറ വില്‍പ്പന വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. മില്‍ക്ക് ഫെഡറേഷന്റെ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ചിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കും.

ഉല്‍പ്പാദനച്ചെലവിലെ വര്‍ധനവ് പരിഹരിക്കുന്നതിനും ഉല്‍പ്പാദകരെ സഹായിക്കുന്നതിനുമായി പാല്‍ വില വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി സഹകരണ മന്ത്രി കെ എന്‍ രാജണ്ണ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നന്ദിനി പാലിന്റെ വില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ കുറവാണെന്നും മന്ത്രി പറഞ്ഞു. 'കര്‍ണ്ണാടകയില്‍ ഒരു ലിറ്റര്‍ നന്ദിനി പാലിന് 39 രൂപയാണ് വില. ആന്ധ്രാപ്രദേശില്‍ ഇത് 56രൂപയും തമിഴ്നാട് 44, കേരളം 50, മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇത് 54 രൂപ എന്നിങ്ങനെ ആണ്. അതിനാല്‍ വര്‍ധനയ്ക്ക് ശേഷവും കര്‍ണാടകയില്‍ പാല്‍ വില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. പാലിന്റെ വില കൂടുന്നതോടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.

അതേസമയം പാലിന്റെ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മന്ത്രിസഭായോഗം കൈക്കൊള്ളും. മൂന്നുരൂപ വര്‍ധന സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യതയെന്നാണ് സൂചന.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്) ചെയര്‍മാന്‍ ഭീമ നായിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മന്ത്രിയുമായുള്ള യോഗത്തില്‍ പങ്കെടുത്തു. കര്‍ഷകരുടെയും ഫെഡറേഷന്റെയും ആവശ്യം ലിറ്ററിന് 5 രൂപ കൂട്ടണമെന്നായിരുന്നു, നായിക് പറഞ്ഞു. 'ലിറ്ററിന് 3 രൂപ വര്‍ധിപ്പിക്കാന്‍ ക്യാബിനറ്റ് തീരുമാനിച്ചുകഴിഞ്ഞാല്‍, കെഎംഎഫ് അതിന്റെ പ്രയോജനം എല്ലാ കര്‍ഷകരിലും എത്തുന്നു എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍നിര പാല്‍ വിതരണക്കാരായ അമുലും മദര്‍ ഡയറിയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ പാലിന്റെ വില വര്‍ധിപ്പിച്ചു. ഉദാഹരണത്തിന്, 2022 മാര്‍ച്ചിനും ഡിസംബറിനും ഇടയില്‍ മദര്‍ ഡയറി പാല്‍ വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിച്ചു.

കെഎംഎഫിന്റെ നന്ദിനി ഡെയറി വികസിപ്പിക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. കൂടാതെ പാല്‍ വിപണിയില്‍ ഡയറിക്ക് മുന്‍ഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളിലും കാല്‍പ്പാടുകള്‍ പതിപ്പിക്കാനുള്ള ശ്രമത്തിലാണ് നന്ദിനി.

Tags:    

Similar News