കേരളത്തില്‍ പാല്‍ ചുരത്തി നന്ദിനി; മില്‍മയ്ക്ക് തിരിച്ചടിയായി വില ഇളവും

  • മില്‍മയേക്കാള്‍ ഏഴ് രൂപയോളം വില കുറവിലാണ് നന്ദിനി പാല്‍ കേരളത്തില്‍ വില്‍ക്കുന്നത്.

Update: 2023-06-14 09:30 GMT

കര്‍ണാടകയുടെ സ്വന്തം പാല്‍ ബ്രാന്‍ഡായ നന്ദിനി കേരളത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകളുമായി സാന്നിധ്യം അരക്കിട്ടുറപ്പിച്ചു. ഇതോടെ പ്രതിസന്ധിയിലായത് കേരളത്തിന്റെ സ്വന്തം മില്‍മയാണ്. കൊച്ചി, തിരൂര്‍, മഞ്ചേരി, പന്തളം എന്നിവിടങ്ങളിലാണ് നന്ദിനിയുടെ ഔട്ട്‌ലെറ്റുകള്‍ തുറന്നിരിക്കുന്നത്. നിലവില്‍ ഫ്രാഞ്ചൈസികള്‍ വഴിയാണ് കേരളത്തില്‍ വിപണനം നടത്തുന്നതെങ്കിലും സമീപഭാവിയില്‍ തന്നെ നേരിട്ട് വിപണനത്തിലേയ്ക്ക് എത്താനും പദ്ധതിയിടുന്നുണ്ട്. മില്‍മയേക്കാള്‍ ഏഴ് രൂപയോളം വില കുറവിലാണ് നന്ദിനി പാല്‍ കേരള വിപണിയില്‍ വില്‍ക്കപ്പെടുന്നത്.

പ്രതിഷേധം മാത്രം, നടപടിയെടുക്കാനാകാതെ സര്‍ക്കാര്‍

ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളോടുള്ള വെല്ലുവിളിയാണ് നന്ദനിയുടെ ഈ നീക്കമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി മുന്‍പ് ആരോപിച്ചിരുന്നു. അതേസമയം കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പാലിന് അഞ്ച് രൂപ നിരക്കില്‍ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് പാല്‍ ലഭിച്ചുകൊണ്ടാണ് അയല്‍ സംസ്ഥാനത്തേയ്ക്ക് വിതരണത്തിനായി നന്ദിനി എത്തുന്നത് എന്ന ആക്ഷേപം ഇതിനോടകം മില്‍മ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ പാലുത്പാദനം കുറവുള്ളപ്പോള്‍ നന്ദിനിയില്‍ നിന്നും കേരളം രണ്ട് ലക്ഷം ലിറ്റര്‍ പാല്‍വരെ വാങ്ങുന്നുണ്ട്. പര്‌സപര സഹകരണത്തോടെയുള്ള മുന്നോട്ട് പോക്കിന് വരുദ്ധമാണ് ഇപ്പോള്‍ നന്ദിനിയുടെ നീക്കമെന്നും കെ എസ് മണി ചൂണ്ടിക്കാട്ടി.

അതിര്‍ത്തി കടന്നെത്തിയ പാലില്‍ മായം കണ്ടെത്തിയ വാര്‍ത്തകള്‍ നാം മറന്നിട്ടില്ലെന്നും ഏത് ബ്രാന്‍ഡിന്റെ ഉത്പന്നങ്ങല്‍ വാങ്ങി ഉപയോഗിക്കണമെന്നത് ജനങ്ങളുടെ യുക്തിയാണെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. വിപണികളില്‍ ഏത് ഉത്പന്നവും വിപണനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയുള്ളതിനാല്‍ കേരളത്തിന് ഇതില്‍ ഇടപെടാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

നന്ദിനി

പ്രതിദിനം 81 ലക്ഷം ലിറ്റര്‍ പാലാണ് നന്ദിനി സംഭരിക്കുന്നത്. കൂടാതെ 60 ലധികം പാല്‍ ഉത്പന്നങ്ങള്‍ വിവിധ പേരുകളിലായി വിപണിയിലുണ്ട്. കേരളം കൂടാതെ തമിഴ്‌നാട്ടിലും നന്ദിനി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക കോ ഓപ്പറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുത്പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെയാണ് അന്യ സംസ്ഥാനങ്ങളിലേയ്ക്കുള്ള പാല്‍ വില്‍പ്പന നന്ദിനി വര്‍ധിപ്പിച്ചത്. രാജ്യത്തെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ അമുലിനെ കര്‍ണാടകയില്‍ നിന്നും തുരത്തിയ ചരിത്രവും നന്ദിനിക്കുണ്ട്.



Tags:    

Similar News